കടയ്ക്കൽ: കടയ്ക്കൽ ടൂറിസം വികസന പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. പഞ്ചായത്തിന്റെ പരിധിയിൽ മാറ്റിടാംപാറ, കടയ്ക്കൽ ദേവിക്ഷേത്രം, കടയ്ക്കൽ വിപ്ലവസ്മരണം എന്നിവ കൂട്ടിയിണക്കി കടയ്ക്കലിനെ ടൂറിസം കേന്ദ്രമാക്കാനുള്ള പഞ്ചായത്ത് ഭരണസമതിയുടെ പ്രവർത്തനങ്ങളാണ് അന്തിമ ഘട്ടത്തിലെത്തിയത്. ഇതിന്റെ ഭാഗമായി മാറ്റിടാംപാറ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് റവന്യൂവക സ്ഥലം പഞ്ചായത്തിന് കൈമാറി സർക്കാർ ഉത്തരവായി. 18.23 ആർ സ്ഥലമാണ് 10 വർഷത്തെ പാട്ടവ്യവസ്ഥയിൽ ഉടമസ്ഥവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി പഞ്ചായത്തിന് കൈമാറിയത്.
പഞ്ചായത്ത് ഭരണസമിതി 2021ൽ ആദ്യം ഏറ്റെടുത്ത പദ്ധതികളിൽ ഒന്നാണ് കടയ്ക്കൽ ടൂറിസം. മാറ്റിടാംപാറ അഡ്വഞ്ചർ പാർക്ക്, കടയ്ക്കൽ ആധുനിക മാർക്കറ്റ്, വിപ്ലവ സ്മാരക സ്ക്വയർ, പാർക്ക്, പുതുതായി നിർമിക്കുന്ന സാംസ്കാരിക നിലയം എന്നിവ ഉൾപ്പെടുന്ന പ്രദേശം വൃത്തിയും മനോഹരവുമാക്കി ശ്രദ്ധിക്കുന്ന സ്ഥലമായി മാറ്റും.
നിലവിലുള്ള സംവിധാനം മാറ്റി കടയ്ക്കൽ ദേവീക്ഷേത്രം മഹാതീർഥാടന കേന്ദ്രമാക്കി പരിവർത്തിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ 25 അംഗങ്ങൾ അടങ്ങുന്ന ടൂറിസം മാനേജ്മെൻറ് കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിയാണ് കടയ്ക്കൽ ടൂറിസം വിഭാവനം ചെയ്ത് നടപ്പാക്കുക. 2025-26 സാമ്പത്തിക വർഷം 50 ലക്ഷം രൂപ പദ്ധതി വിഹിതം പ്രയോജനപ്പെടുത്തി ആഗസ്റ്റിൽ ആദ്യ ഘട്ടം ജനങ്ങൾക്കായി തുറന്നു കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.