കൊല്ലം-ചെങ്കോട്ട റോഡരികിലെ അനധികൃത പാർക്കിങ്
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ടെർമിനലിലെ പാർക്കിങ് ഏരിയയിൽ പെയ്ഡ് പാർക്കിങ് പുനരാരംഭിച്ചതോടെ കൊല്ലം-ചെങ്കോട്ട റോഡരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വർധിച്ചു. റോഡിന്റെ ഒരു വശത്ത് വിവിധ സ്ഥാപനങ്ങളിൽ വരുന്ന വാഹനങ്ങളും മറുവശത്ത് ട്രെയിൻ യാത്രക്കാരുടെ വാഹനങ്ങളും പാർക്ക് ചെയ്യുകയാണ്.
നടപ്പാതകളിലേക്കുള്ള പ്രവേശനമടക്കം തടസ്സപ്പെടുത്തിയാണ് കാറുകളുടെയടക്കം പാർക്കിങ്. രാവിലെ കൊണ്ടിടുന്ന വാഹനങ്ങൾ രാത്രി വൈകിയാണ് റോഡരികിൽ നിന്ന് മാറ്റുക. ജില്ല സഹകരണ ബാങ്കിന് മുൻവശം മുതൽ സി.എസ്.ഐ കൺവെൻഷൻ സെന്റർ വരെയുള്ള ഭാഗങ്ങളിലാണ് വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിങ് കാൽനടയാത്രക്കാർക്കടക്കം ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഈ മേഖലയിൽ നടപ്പാതയിൽ ഇരുചക്രവാഹനങ്ങൾ തടസ്സമുണ്ടാക്കി പാർക്ക് ചെയ്യുന്നതും പതിവാണ്.
രണ്ടാം പ്രവേശന കവാടത്തിനു മുന്നിൽ നിലവിൽ ബസുകൾ നിർത്തുന്നുണ്ട്. ട്രെയിൻ വരുന്ന സമയങ്ങളിൽ യാത്രക്കാരുടെ തിരക്കും ഈ ഭാഗത്ത് അനുഭവപ്പെടുന്നു. റോഡരികിലെ പകൽ മുഴുവൻ നീളുന്ന വാഹന പാർക്കിങ് മൂലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കാനും തിരികെ വിളിക്കാനുമെത്തുന്നവർക്കുപോലും വാഹനം നിർത്താനിടമില്ലാത്ത സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.