കൊല്ലം: ഭക്ഷണ വിൽപന സ്ഥാപനങ്ങളുടെ ശുചിത്വ പരിപാലനത്തിൽ സംസ്ഥാനത്ത് മികച്ച മുന്നേറ്റവുമായി കൊല്ലം ജില്ല. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹൈജീൻ റേറ്റിങ് നേടിയ സ്ഥാപനങ്ങളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒന്നാമതുള്ള കൊല്ലം, 150 സ്ഥാപനങ്ങൾ റേറ്റിങ് സ്വന്തമാക്കുന്ന ആദ്യ ജില്ലയെന്ന നേട്ടവും കരസ്ഥമാക്കി.
വൻകിട ചെറുകിട ഹോട്ടലുകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, ഭക്ഷ്യഉൽപാദക യൂനിറ്റുകൾ എന്നിവ ഉൾപ്പെടുന്ന പട്ടികയിൽ 152 സ്ഥാപനങ്ങളാണ് വിവിധ റേറ്റിങ്ങുകൾ നേടി ശുചിത്വ വഴിയിൽ ഉപഭോക്താക്കൾക്ക് വിശ്വാസ്യതയാർന്ന സേവനം നൽകുന്നതിൽ മുന്നിൽ നിൽക്കുന്നത്. ഇവയിൽ ഫൈവ് സ്റ്റാർ റേറ്റിങ് ഉള്ള 42 സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഫോർ സ്റ്റാർ ഉള്ള 52 സ്ഥാപനങ്ങളും ത്രീ സ്റ്റാറുള്ള 55 സ്ഥാപനങ്ങളുമുണ്ട്.
ടു സ്റ്റാറുള്ള മൂന്ന് സ്ഥാപനങ്ങളാണുള്ളത്. കൊല്ലം നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ ഭൂരിഭാഗത്തിനും ശുചിത്വത്തിൽ സ്റ്റാർ റേറ്റിങ് സ്വന്തമായിക്കഴിഞ്ഞു. മറ്റ് ജില്ലകളെ അപേക്ഷിച്ച് മികച്ച മുന്നേറ്റമാണ് ജില്ല നടത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ജില്ലയിൽ 129 സ്ഥാപനങ്ങളാണ് ശുചിത്വ റേറ്റിങ് പട്ടികയിൽ ഇടംപിടിച്ചത്. മറ്റ് ജില്ലകളൊന്നും മൂന്നക്കം തൊട്ടിട്ടില്ല. അതേസമയം, ഭക്ഷണ വിൽപന രംഗത്ത് രണ്ടായിരത്തിലധികം രജിസ്ട്രേഡ് സ്ഥാപനങ്ങളുള്ള കൊല്ലത്ത് റേറ്റിങ് വ്യാപകമാക്കുക എന്ന ലക്ഷ്യത്തിലെത്താൻ ദൂരം ഇനിയും ഏറെ താണ്ടാനുണ്ട്.
ലൈസൻസ് പോലുമില്ലാത്ത സ്ഥാപനങ്ങൾ വലിയതോതിൽ പ്രവർത്തനം തുടരുന്നതും വെല്ലുവിളിയാണ്. ഹെൽത്ത് കാർഡ് സമയപരിധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴും വലിയൊരു വിഭാഗം സ്ഥാപനങ്ങളും ഇപ്പോഴും ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ് എടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ജില്ലയിലെ ഭൂരിഭാഗം കടകളും ശുചിത്വ റേറ്റിങ്ങിന്റെ പരിധിയിൽ വരുന്നതിന് ഇനിയും കാലമേറെയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറയുന്നു.
ഹൈജീൻ റേറ്റിങ്ങിന് തുടക്കമായപ്പോൾ പദ്ധതിയുടെ ഭാഗമാകാൻ ജില്ലയിലെ കച്ചവടക്കാർക്ക് വലിയ താൽപര്യമില്ലായിരുന്നു. ആ സ്ഥിതിയിൽനിന്ന് ക്രമേണ 150ഓളം സ്ഥാപനങ്ങൾ റേറ്റിങ് നേടിയ നിലയിലേക്കെത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്. ഹോട്ടലുകളുടെ ശുചിത്വ റേറ്റിങ് അറിയാൻ സംസ്ഥാനത്ത് മൊബൈൽ ആപ് കൂടി പ്രവർത്തനക്ഷമമാകുന്നതോടെ മത്സരാടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ റേറ്റിങ് എടുക്കാൻ താൽപര്യം കാണിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.