കൊല്ലം: നഗരത്തിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം മുണ്ടക്കൽ ചേരിയിൽ ആർ.എസ് വില്ല മേരാ നഗർ 70 എയിൽ താമസിക്കുന്ന ജാക്സൺ ഡിക്രൂസ് (32) ആണ് കൊല്ലം സിറ്റി ഡാൻസാഫും ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടിയിലായത്. ഇയാൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അറസ്റ്റ്.
പോളയത്തോട് റെയിൽവേ ഗേറ്റിന് സമീപമുള്ള സ്വകാര്യ ഫ്ലാറ്റിൽ ആയിരുന്നു പ്രതിയും കുടുംബവും താമസിച്ചിരുന്നത്. എറണാകുളത്ത് നിന്ന് ഇയാൾക്ക് എം.ഡി. എം.എ ലഭിച്ചിട്ടുണ്ടെന്നും അത് ചെറിയ പാക്കറ്റുകളിൽ ആക്കുന്നു എന്നുമുള്ള രഹസ്യവിവരം കൊല്ലം സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണന് ലഭിക്കുകയായിരുന്നു. തുടർന്നാണ് ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്. പൊലീസിനെ കണ്ട പ്രതി ഓടി മുകളിലത്തെ ഫ്ലാറ്റിലേക്ക് കയറുന്നതിനിടെ ഇടനാഴിയിൽവെച്ച് പിടി കൂടുകയായിരുന്നു. പരിശോധനയിൽ വിപണിയിൽ ഉദ്ദേശം ഒന്നരലക്ഷം രൂപ വിലവരുന്ന 29 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെടുത്തു. എറണാകുളത്തുനിന്ന് ഇത് എത്തിക്കാൻ ശ്രമിച്ച മറ്റ് രണ്ടുപേരെയും പ്രതിയാക്കിയിട്ടുണ്ട്.
മറ്റ് രണ്ടു പ്രതികളെകുറിച്ചുള്ള വിശദവിവരം ശേഖരിച്ച് കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്ന് കൊല്ലം എ.സി.പി എസ്. ഷെറീഫ് പറഞ്ഞു. കൊല്ലം ഈസ്റ്റ് എസ്.എച്ച് അനിൽകുമാർ, എസ്.ഐ സുമേഷ്, രാജേഷ് കുമാർ, സായി സേനൻ, ബൈജു ജയറാം, സീനു, സുനിൽ, ഷെഫീഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.