താലൂക്ക് ആശുപത്രി കെട്ടിടത്തിന് സമീപത്തായി ഒഴുകുന്ന കല്ലടയാറിന്റെ തീരം ഇടിയുന്നത് പരിശോധിക്കുന്ന മന്ത്രി കെ. മുരളീധരൻ. ജ്യോതികുമാർ ചാമക്കാല എം.എൽ.എ. സമീപം
പത്തനാപുരം: നിർമാണം പുരോഗമിക്കുന്ന താലൂക്ക് ആശുപത്രിയുടെ കാര്യത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആശങ്ക അറിയിച്ചതോടെ, നിർമാണ ചുമതലയുള്ള ഇൻകൽ ഉദ്യോഗസ്ഥരെ മന്ത്രി കെ. മുരളീധരൻ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയുടെ നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയ മന്ത്രി കെട്ടിടം കണ്ട് കണ്ണ് തള്ളി, ഇത് ഹോട്ടലോ ഹോസ്പിറ്റലോയെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചു. ഏകദേശം നൂറ് കോടി ചെലവിൽ കല്ലടയാറിന്റെ തീരത്ത് നിർമാണം പൂർത്തിയാകുന്ന ആശുപത്രി എന്ത് കൊണ്ടും ഹോട്ടലിന് അനുയോജ്യമായാണ് പണിത് ഉയർത്തിയിരിക്കുന്നത്. നാല് ഓപ്പറേഷൻ തീയറ്റർ ഉണ്ടെന്ന് പറയുന്നിടത്ത് സി.ടി. സ്കാൻ, എം.ആർ.ഐ. സ്കാൻ സംവിധാനങ്ങളില്ല. ആശുപത്രി മുഴുവൻ സെൻട്രലൈസ്ഡ് എ.സി. യാക്കേണ്ട കാര്യമില്ലെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
നിർമാണം ഇങ്ങനെപോയാൽ താലൂക്ക് ആശുപത്രി പദവി എടുത്തുകളയേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞപ്പോൾ, നിർമാണവുമായി ബന്ധപ്പെട്ട് ഇതുവരെയും തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. നിലവിലുള്ള പ്ലാൻ അനുസരിച്ച് നിർമാണം പൂർത്തിയാക്കരുതെന്നും നിർമാണ ചുമതലയുള്ളവർ അടിയന്തിരമായി വിശദീകരണം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.
ആറ് നില കെട്ടിടം പണിതിട്ടും അതിൽ നൂറിൽ താഴെ കിടക്കകൾക്ക് മാത്രമേ സൗകര്യമുള്ളു. കല്ലടയാറിന്റെ തീരത്ത് ആശുപത്രിക്ക് സ്ഥലം കണ്ടെത്തിയതിലും മന്ത്രി ആശങ്കയറിയിച്ചു. ആറിന്റെ തീരം ഇടിഞ്ഞ് ആശുപത്രിയോട് ചേർന്ന് വരുന്നു. ഇതിന് സംരക്ഷണ ഭിത്തിയൊരുക്കാൻ വലിയ തുക വേണ്ടിവരും. സംരക്ഷണ ഭിത്തിക്ക് പദ്ധതി തയാറാക്കി സമർപ്പിക്കാനും മന്ത്രി നിർദേശം നൽകി.
കല്ലടയാറിനോട് ചേർന്ന് ആശുപത്രിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി അന്നത്തെ എച്ച്.എം.സി. യോഗത്തിൽ അംഗങ്ങളും കെ.ബി. ഗണേഷ്‌കുമാറും തമ്മിൽ കടുത്ത വാഗ്വാദങ്ങൾ നടന്നിരുന്നതാണ്. ശക്തമായ എതിർപ്പിനെ വകവെക്കാതെയാണ് അപകട ഭീഷണിയുള്ള കല്ലടയാറിന്റെ തീരത്ത് സ്ഥലം കണ്ടെത്തിയതും സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ ആറ് നിലകളുള്ള ബഹുനില മന്ദിരം കെട്ടിപൊക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.