അതിദരിദ്രർക്ക് വീട്; 'സ്വപ്നക്കൂട്' പദ്ധതിയുമായി ജില്ല പഞ്ചായത്ത്

കൊല്ലം: അതിദരിദ്ര വിഭാഗത്തിൽപെട്ടവർക്ക് വീടൊരുക്കാൻ സംസ്ഥാന ഭവനനിർമാണ ബോർഡിന്‍റെ സഹകരണത്തോടെ 'സ്വപ്നക്കൂട്' പദ്ധതിയുമായി ജില്ല പഞ്ചായത്ത്. സ്വന്തമായി സ്ഥലമുള്ളവരും ഒന്നിൽ കൂടുതൽ അംഗങ്ങളുമുള്ള കുടുംബങ്ങൾക്കാണ് വീട്. ആറ് ലക്ഷം രൂപയാണ് വീടൊന്നിന് നിർമാണ ചെലവ്. നാല് ലക്ഷം രൂപ ജില്ല പഞ്ചായത്ത് വിഹിതവും രണ്ട് ലക്ഷം രൂപ ഭവനനിർമാണ ബോർഡിന്‍റേതുമാണ്. പ്രാഥമിക സർവേയിൽ നാലായിരത്തിലധികം പേർ ഉൾപ്പെട്ടിട്ടുണ്ട്. 100 കുടുംബങ്ങൾക്ക് ഈ സാമ്പത്തിക വർഷം വീട് നൽകും.

സ്വപ്നക്കൂട് ഉൾപ്പടെ 2022-23 സാമ്പത്തിക വർഷത്തെ പദ്ധതികള്‍ക്ക് ജില്ല ആസൂത്രണസമിതി അംഗീകാരം ലഭിച്ചുവെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ വാർത്തസമ്മേളത്തിൽ അറിയിച്ചു.

ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് 10 ഇനം സാധനങ്ങൾ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാൻ 60 ലക്ഷം രൂപയുടെ നിറവ് പദ്ധതി, പട്ടികജാതി വിഭാഗത്തിലെ സിവിൽ സർവിസ് അഭിരുചിയുള്ള ബിരുദധാരികളായ ഉദ്യോഗാർഥികൾക്ക് സിവിൽ സർവിസ് പരീക്ഷപരിശീലനം നൽകുന്ന 'ഡ്രീംസ്' പദ്ധതിക്കും പ്ലസ് ടു പഠനം പൂർത്തിയായവർക്ക് എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷ പരിശീലനം നൽകുന്ന 'ഉയരെ' പദ്ധതിക്കും അംഗീകാരം ലഭിച്ചു.

അഗ്രിടെക് പദ്ധതിയിലൂടെ വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ബി.എസ്സി അഗ്രികൾചർ പാസായവർക്ക് ജില്ല പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ അപ്രന്‍റിസ്ഷിപ് നിയമനം നൽകും. പാരാമെഡിക്കൽ കോഴ്സ് വിജയിച്ചവർക്ക് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പാരാമെഡിക്കൽ ടെക് പദ്ധതിവഴി അപ്രന്‍റിസ്ഷിപ് നിയമനം.

പഞ്ചായത്തുകളിലെ ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെട്ട വയോജനങ്ങൾക്ക് റേഡിയോയും ചാരുകസേരയും നൽകാൻ 60 ലക്ഷം രൂപയുടെ ശ്രുതിലയം പദ്ധതി, കാൻസർ ബാധിതരായ വയോജനങ്ങൾക്ക് ഭക്ഷണക്കിറ്റ്, അഗതിമന്ദിരങ്ങളിലെ വയോജനങ്ങൾക്ക് ഏകദിന ഉല്ലാസയാത്ര, സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകളിൽ വയോപാർക്ക് സ്ഥാപിക്കാൻ 40 ലക്ഷം രൂപയുടെ പദ്ധതി എന്നിവ നടപ്പാക്കും. മത്സ്യകർഷക സംഘം, കുടുംബശ്രീ, സ്വയം സഹായ സംഘം, മത്സ്യകർഷകർ എന്നിവയിലേതിലെങ്കിലും ഉൾപ്പെട്ട മൂന്ന് പേരിൽ കുറയാത്ത ഗ്രൂപ്പുകൾക്ക് ലൈവ് ഫിഷ് മാർക്കറ്റുകൾ ആരംഭിക്കുന്നതിന് 40 ശതമാനമോ പരമാവധി രണ്ട് ലക്ഷം രൂപയോ സബ്സിഡി. പാലുൽപന്ന നിർമാണ യൂനിറ്റ് ആരംഭിക്കാൻ മൂന്ന് ലക്ഷം രൂപ ധനസഹായം നൽകാൻ നവനീതം പദ്ധതിയും ഉടൻ നടപ്പിൽ വരും. വ്യവസായവകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന യൂനിറ്റുകളിലും വ്യവസായ എസ്റ്റേറ്റുകളിലും ജില്ല പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ഫാമുകളിലും ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ വിപണനമേള കൊല്ലം കേന്ദ്രമാക്കി നടത്തും. ജില്ല പഞ്ചായത്ത് നിയന്ത്രണത്തിലെ സർക്കാർ സ്കൂളുകളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ഇൻഡോർ ഫിറ്റ്നസ് പാർക്ക്, ലൈബ്രറി, ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളിൽ കൂടി ഓപൺ ജിംനേഷ്യം എന്നിവയും നടപ്പാക്കും.

ജില്ല പഞ്ചായത്തിന്‍റെ കുരിയോട്ടുമല ഫാം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതി ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ തനത് വളർത്തുമൃഗങ്ങളുടെ തുറന്ന മ്യൂസിയം ഇവിടെവരും. അഞ്ചൽ ജില്ല കൃഷിഫാമിൽ ഫാം ടൂറിസം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. ജില്ല പഞ്ചായത്ത് നടപ്പാക്കിയ മാലാഖക്കൂട്ടം, സ്കിൽടെക്, ഓപൺ ജിംനേഷ്യം, തണ്ണീർപന്തൽ തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്താകെ നടപ്പാക്കുകയാണെന്നും പ്രസിഡന്‍റ് പറഞ്ഞു. വൈസ് പ്രസിഡന്‍റ് സുമലാൽ, സെക്രട്ടറി ബിനുൻ വാഹിദ് എന്നിവരും വാര്‍ത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Home for the very poor; District Panchayat with 'Swapnakood' project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.