കൊല്ലം: ഹീമോഫീലിയ രോഗത്തിന് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകൾ ആവശ്യത്തിന് രോഗികൾക്ക് ലഭിക്കുന്നില്ലെന്ന് പരാതി. കാരുണ്യ പദ്ധതിവഴി താലൂക്ക് ആശുപത്രികളിലൂടെ വിതരണം ചെയ്യുന്ന ഹീമോഫീലിയ മരുന്നുകൾ ഒരുവർഷത്തിലധികമായി ലഭിക്കുന്നില്ലെന്നാണ് പരാതി. ഒരുവർഷത്തോളമായി രോഗിക്ക് നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടായാൽ രോഗിയുമായി ജില്ല ആശുപത്രിയിലേക്ക് ഓടുകയാണെന്നും ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് രോഗികളുടെ ആവശ്യം.
ഒാരോ രോഗിക്കും സർക്കാർ ധനസഹായമായി 1000 രൂപവീതമാണ് നൽകുന്നത്. അതും കൃത്യമായി ലഭിക്കുന്നില്ല. ജില്ലയിൽ 140 രോഗികളാണ് ഹീമോഫീലിയ ബാധിതരായിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് കരുനാഗപ്പള്ളി മേഖലയിലാണ്. ജില്ലയിലുള്ള രോഗികളിൽ അധികവും രോഗതീവ്രത കൂടുതലുള്ളവരാണ്.
മുമ്പ് താലൂക്ക് ആശുപത്രികൾ വഴി മുൻകൂറായി മരുന്ന് വാങ്ങാൻ സാധിച്ചിരുന്നു. മുറിവ് വരുമ്പോഴേക്കും താലൂക്ക് ആശുപത്രിയിൽ ചെന്ന് ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞാലും ഇവർക്ക് കുഴപ്പമില്ല. എന്നാൽ, താലൂക്ക് ആശുപത്രിയിൽ മരുന്നില്ലാത്തിനാൽ ഇപ്പോൾ മുറിവോ രക്തസ്രാവമോ ഉണ്ടായാൽ ജില്ല ആശുപത്രിയിലേക്കു തന്നെ വരണം. നിർധനരായ ഇത്തരം രോഗികൾക്ക് രോഗത്തിന്റെ കാഠിന്യത്തിനപ്പുറം ടാക്സി വിളിച്ചോ മറ്റോവേണം ജില്ല ആശുപത്രിയിലെത്തിപ്പെടാൻ. ഇതിന്റെ സാമ്പത്തികമായ ബുദ്ധിമുട്ടും രോഗികളെ ബാധിക്കുന്നുണ്ട്. ചികിത്സ മറ്റൊരു സമയത്തേക്ക് ചികിത്സ മാറ്റിവയ്ക്കാനും ഇത്തരം രോഗികൾക്ക് സാധിക്കില്ല. രക്തത്തിൽ നിന്നു വേർതിരിച്ചെടുക്കുന്ന പ്രോട്ടീനുകൾ ഉൾപ്പെടുന്ന ഫാക്ടർ 7,8,9, ഫൈബ (500-1000), ഹെമിലിബ്രു എന്നിവയാണ് മരുന്നുകൾ. മുറിവുകൾ ഉണ്ടാവുമ്പോൾ മാത്രം ഉപയോഗിക്കേണ്ട ഈ ഇൻജക്ഷനുകൾ പുറത്തുനിന്നും വാങ്ങണമെങ്കിൽ 12000രൂപയിലധികം വിലവരും.
കേരള മെഡിക്കൽ സർവിസസ് കോർപറേഷന്റെ കീഴിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി രണ്ടു കമ്പനികൾ മാത്രമാണ് മരുന്ന് സംസ്ഥാനത്തു വിതരണം ചെയ്യുന്നത്. വേദനയോ മുറിവോ ഉണ്ടാകുമ്പോൾ സർക്കാർ ആശുപത്രികളിൽ നേരിട്ടെത്തി ഇൻജക്ഷൻ സ്വീകരിക്കുന്നതായിരുന്നു ആദ്യ രീതി. പിന്നീട് രോഗികൾക്ക് ഇൻജക്ഷൻ വീട്ടിൽ കൊണ്ടുപോകാമെന്നായി. സ്വയം കുത്തിവപ്പെടുക്കാൻ പരിശീലനവും നൽകിയിരുന്നു. പിന്നീട് മരുന്ന് ദുരുപയോഗം വർധിക്കുന്നെന്ന് മനസ്സിലാക്കിയ സർക്കാർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് മരുന്ന് വിതരണം ചെയ്യുകയായിരുന്നു. മരുന്നുകളുടെ ലഭ്യതക്കുറവിലും താലൂക്ക് ആശുപത്രികളിലെ വിതരണം മുടങ്ങിയതിലും പ്രതിഷേധിച്ച് കഴിഞ്ഞദിവസം ജില്ലയിലെ ഹീമോഫീലിയ രോഗികളും കുടുംബങ്ങളും ജില്ല ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.