പ്രതീകാത്മക ചിത്രം
കൊല്ലം: ഓണനാളുകളിലെ ആഘോഷ മധുരത്തിന് പകരം അളന്നുകുറിച്ച മരുന്നിന്റെ പിടിയിലേക്ക് നിരവധി പേരെ തള്ളിയിട്ട് പനിയുടെ വിറപ്പിക്കൽ. ഡെങ്കിപ്പനിയാണ് വില്ലനായി തുടരുന്നത്. ഇടവിട്ട് പെയ്യുന്ന മഴയും നഗരമധ്യത്തിലെ റോഡരികുകളിൽ പോലും ദിവസങ്ങൾ കെട്ടിക്കിടക്കുന്ന വെള്ളവും യഥേഷ്ടം കൊതുകു ഉൽപാദനത്തിന് വഴിവെക്കുന്ന പശ്ചാത്തലമാണ് ഡെങ്കിപ്പനി വ്യാപകമാക്കുന്നത്.
ചിക്കൻപോക്സും ഇൻഫ്ലുവൻസയും ഹെപ്പറ്റൈറ്റിസ് എയും കാര്യമായിതന്നെ വ്യാപിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഓണം ആഴ്ചയിൽ മാത്രം 1792 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. 28 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 56 പേർക്ക് ഇക്കാലയളവിൽ ഡെങ്കി ലക്ഷണങ്ങളും കണ്ടെത്തി.
കഴിഞ്ഞ 23ന് 83 പേർ ചികിത്സ തേടിയതിൽ 11 പേർക്കും ഡെങ്കി ലക്ഷണം ഉണ്ടായിരുന്നു. അഞ്ച് പേർക്ക് അന്ന് ഡെങ്കി സ്ഥിരീകരിച്ചത് കൂടാതെയാണിത്. 24ന് 487 പേർ ചികിത്സതേടി. 35 പേർക്ക് ഒരാഴ്ചക്കിടെ ചിക്കൻപോക്സ് സ്ഥിരീകരിച്ച ഗുരുതര സ്ഥിതിയുമുണ്ട്. 22 പേരാണ് ഇൻഫ്ലുവൻസ രോഗത്തിന് ചികിത്സ തേടിയത്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 13 പേരും ഒരാഴ്ചക്കിടെ ചികിത്സയിലാണ്. ശനിയാഴ്ച മാത്രം എട്ട് പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചത്.
ഇതിനിടയിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആറ് പേർക്ക് ഒരാഴ്ചക്കിടയിൽ എലിപ്പനി സ്ഥിരീകരിച്ചു. ചവറയിൽ ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചിരുന്നു. ഉറവിട നശീകരണം ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വ്യാപക ശ്രദ്ധ നൽകണമെന്നാണ് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നത്.
അതേസമയം, പൊതുറോഡുകളിൽ ഉൾപ്പെടെ കൊതുകു വളരുന്ന തരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഓണാഘോഷങ്ങൾക്ക് പിന്നാലെ മഞ്ഞപ്പിത്തം കേസുകൾ കൂടുന്നതിലും ജാഗ്രത വേണം. ഭക്ഷണത്തിലും കുടിവെള്ളത്തിലും കടുത്ത കരുതൽ പുലർത്തുകയും ശുചിത്വം പാലിക്കുകയും ചെയ്യുന്നെന്ന് ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ ആരോഗ്യപ്രവർത്തകരെ സമീപിച്ച് യഥാക്രമം ചികിത്സ നേടാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.