തൊഴിൽ വാഗ്ദാനം: ലക്ഷങ്ങൾ തട്ടിയ വനിത അറസ്റ്റിൽ
ശാസ്താംകോട്ട: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവ എൻജിനിയറിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം പട്ടം 23 സെന്റ് മേരീസ് ലെയിനിൽ ബോബിന ബോബിയാണ് (52) അറസ്റ്റിലായത്. ഇവരുടെ ഭർത്താവും പട്ടം സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപകനുമായ മനോജ് എബ്രഹാം (54),എറണാകുളത്ത് സ്ഥിരം താമസക്കാരനായ കൊട്ടാരക്കര വിളക്കുടി സ്വദേശി പ്രദീപ് കുമാർ (60) എന്നിവർ ഒളിവിലാണ്.
തേവലക്കര അരിനല്ലൂർ പട്ടകടവ് തവറാട്ടു കടവിൽ യാഷിം (35) ആണ് തട്ടിപ്പിനിരയായത്. പ്രദീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള നോർത്ത് കണക്ടഡ് ഗ്ലോബൽ ട്രാവൽസ് എന്ന സ്ഥാപനം വഴിയാണ് വിസ തട്ടിപ്പ് നടത്തിയത്. ബോബിനയും മനോജ് എബ്രഹാമും ട്രാവത്സിന്റെ പാർട്ണർമാരായിരുന്നു.രണ്ട് വർഷം മുമ്പ് ഇലക്ട്രിക്കൽ എൻജിനിയറായ യാഷിമിന് ഉയർന്ന ശമ്പളത്തിൽ യു.കെയിൽ ജോലി വാഗ്ദാനം നൽകി ആദ്യം മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. ഇത് നടക്കാതെ വന്നപ്പോൾ കാനഡയിലേക്കും പിന്നീട് ആസ്ട്രേലിയയിലും ജോലി വാഗ്ദാനം ചെയ്തു. ഇതിനോടകം ബോബിനയുടെ അക്കൗണ്ടിലേക്ക് ഫെഡറൽ ബാങ്കിന്റെ കാരാളിമുക്ക് ശാഖ വഴി പല തവണയായി 9,25,000 രൂപ കൈമാറിയിരുന്നു. പലപ്പോഴും ചെന്നൈയിൽ എത്തിച്ച് മെഡിക്കൽ എടുപ്പിച്ച് വിശ്വാസ്യത നേടുന്നതും പതിവായിരുന്നു. ആറ് മാസം മുമ്പ് വീണ്ടും സമീപിച്ചപ്പോൾ മൂവരും ചേർന്ന് നെതർലെൻഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി ശരിയായതായി അറിയിക്കുകയും അവിടുത്തെ സർക്കാരിന്റെ വ്യാജ എംബ്ലം പതിപ്പിച്ച എഗ്രിമെന്റ് കൈമാറുകയും ചെയ്തു.
മാസങ്ങൾ കഴിഞ്ഞിട്ടും വിദേശത്ത് പോകാൻ കഴിയാതെ വന്നതോടെ യാഷിമിന്റെ ബന്ധുക്കൾ നടത്തിയ രഹസ്യാന്വേഷണത്തിലാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസിലാക്കുന്നത്. പ്രതികൾ മുമ്പും ഇത്തരത്തിൽ നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി സൂചനയുണ്ട്. തുടർന്ന് ശാസ്താംകോട്ട പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിരുന്നു. സി.ഐ മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വിനയൻ, ഡബ്ല്യൂ.പി.സി ആനി തോമസ്, സി.പി.ഒ ദിൽഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.