മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കൊല്ലം ചിന്നക്കടയിൽ നടത്തിയ മാർച്ചിനിടയിൽ യു.ഡി.എഫ് പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുന്നു
കൊല്ലം: ഫ്ലക്സ് കീറൽ മത്സരത്തിന് വഴിയൊരുക്കി വീണാ ജോർജ് സംഭവത്തിൽ ഇടത്പക്ഷ, കോൺഗ്രസ് പ്രതിഷേധങ്ങൾ. കണ്ണൂരിലെ കെ.എസ്.യു പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിൽ പ്രതിഷേധിച്ചുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടന പ്രകടനവും അവർക്കെതിരെ കോൺഗ്രസ് നടത്തിയ പ്രകടനവുമാണ് കൊല്ലം നഗരത്തിൽ ഫ്ലക്സുകളും ബസിലെ പരസ്യവും നശിപ്പിക്കുന്ന മത്സരമായത്.
വ്യാഴാഴ്ച ഉച്ചയോടെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയതിന് മറുപടിയുമായി വൈകീട്ട് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. എസ്.എൻ കോളജ് ജങ്ഷനിൽ നിന്ന് ചിന്നക്കടയിലേക്ക് പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ചിന്നക്കട റൗണ്ടിന് എതിർഭാഗങ്ങളിലെ നടപ്പാതകളിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസ് പുതുയുഗ യാത്രയുടെ ഫ്ലക്സുകൾ നശിപ്പിച്ചു.
പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് മുന്നിലും റെയിൽവേ കോമ്പൗണ്ടിനോട് ചേർന്നും ബസ് ബേക്ക് സമീപവുമെല്ലാം സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ കീറിയെറിഞ്ഞു. സംഭവസമയത്ത് പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതല്ലാതെ ഇടപെട്ടില്ല.
പ്രതിഷേധ പ്രകടനവുമായി കോൺഗ്രസുകാർ ചിന്നക്കടയിൽ എത്തിയത് വൈകീട്ടോടെയാണ്. എതിർഭാഗത്തിന്റേതായി കീറി നശിപ്പിക്കാൻ ചിന്നക്കടയിൽ ഫ്ലക്സുകളൊന്നും ഉണ്ടായിരുന്നില്ല. റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ചിന്നക്കട ബസ് ബേയിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകരുടെ കണ്ണിൽപെട്ടത് അവിടെയെത്തിയ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിലെ സർക്കാർ പരസ്യമാണ്.
നശിപ്പിക്കാൻ ഫ്ലക്സ് കിട്ടാത്ത ‘നിരാശ’ ബസിലെ പരസ്യം വലിച്ചുകീറി നശിപ്പിച്ചാണ് കോൺഗ്രസ് പ്രവർത്തകർ തീർത്തത്. ഇതിലും പൊലീസ് ഇടപെടൽ ഉണ്ടായില്ല. കോൺഗ്രസ് പ്രതിഷേധം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയെ കേരള ജനത തോളിലേറ്റി സ്വീകരിക്കുന്നത് കണ്ട് വിരളിപൂണ്ട സി.പി.എം മുഴുവൻ പ്രചാരണ ബോർഡുകളും മറ്റ് പരസ്യങ്ങളും അടിച്ച് തകർക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പ്രതികരിച്ചു.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം ഡി.ജി.പിക്ക് പരാതി നൽകി. വെള്ളിയാഴ്ച യൂത്ത് കോൺഗ്രസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.