ക്യു.എ.എസ് കോളനി ഫ്ലാ​റ്റ് സ​മു​ച്ച​യം കലക്ടർ അ​ഫ്സാ​ന പ​ർ​വീ​ൺ സന്ദർശിക്കുന്നു

ക്യു.എസ്.എസ് കോളനിയിലെ ഫ്ലാറ്റ് സമുച്ചയം സമർപ്പണം നാളെ

കൊല്ലം: സംസ്ഥാന സർക്കാറിന്‍റെ 'പുനർഗേഹം' പദ്ധതിയിൽ നിർമിച്ച ക്യു.എസ്.എസ് കോളനിയിലെ ഫ്ലാറ്റ് സമുച്ചയം 'നീലിമ' വ്യാഴാഴ്ച ഗുണഭോക്താക്കൾക്ക് കൈമാറും. രാവിലെ 10.30ന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.

എം. മുകേഷ് എം.എൽ.എ അധ്യക്ഷതവഹിക്കും. 114 ഫ്ലാറ്റുകളാണ് കൈമാറുന്നതെന്ന് എം. മുകേഷ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോളനിയിലെ അപകടാവസ്ഥയിലായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് ഫ്ലാറ്റ് നിർമിച്ചത്. ഇവിടത്തെ താമസക്കാരായ 179 കുടുംബങ്ങളിൽ 114 കുടുംബങ്ങൾക്ക് ഫിഷറീസ് വകുപ്പ് മുഖേനയും 65 കുടുംബങ്ങൾക്ക് കോർപറേഷൻ മുഖാന്തരവും ഫ്ലാറ്റ് പണിത് നൽകാൻ 2018ൽ അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്.

കടൽത്തീരത്തിന് 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് പുനർഗേഹം പദ്ധതിയിലൂടെ വീട് നിർമിച്ചു നൽകാനാവൂ എങ്കിലും മത്സ്യത്തൊഴിലാളി കുടുംബങ്ങൾ എന്ന പരിഗണനയിൽ ഇവരെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു. സംസ്ഥാന തീരദേശവികസന കോർപറേഷന്റെ മേൽനോട്ടത്തിൽ മൂന്ന് ഫേസുകളിലായി 11 ബ്ലോക്കുകളിലാണ് ഫ്ലാറ്റ് നിർമാണം പൂർത്തീകരിച്ചത്.

114 ഫ്ലാറ്റുകൾ നിർമിക്കുന്നതിനായി 11.40 കോടി രൂപയും വൈദ്യുതി, കുടിവെള്ളം മറ്റ് അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിനായി 2.11 കോടി രൂപയും ഉൾപ്പെടെ ആകെ 13.51 കോടി ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്.

480 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, ബാത്ത് റൂം സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കോളനിയിൽ താമസിച്ചിരുന്ന 114 മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി പരിഗണിച്ചത്.

നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കൾക്ക് ഫ്ലാറ്റുകൾ അനുവദിച്ചത്. കോർപറേഷൻ നിർമിക്കുന്ന ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയായിട്ടില്ല.

സമർപ്പണ ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്നാ ഏണസ്റ്റ്, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവർ പങ്കെടുക്കും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈറും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

കലക്ടർ ഒരുക്കം വിലയിരുത്തി

കൊല്ലം: ഉദ്ഘാടനത്തിനൊരുങ്ങുന്ന ക്യു.എസ്.എസ് കോളനി ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ച് കലക്ടർ അഫ്സാന പർവീൺ ഒരുക്കങ്ങൾ വിലയിരുത്തി.

മാലിന്യനിർമാർജനത്തിന് ഫ്ലാറ്റ് നിവാസികളെ ഉൾപ്പെടുത്തി മാനേജ്മെന്റ്  കമ്മിറ്റി രൂപവത്കരിച്ച് കോർപറേഷന്റെ സഹകരത്തോടെ ജൈവ-അജൈവ മാലിന്യം വേർതിരിച്ച് സംസ്ക്കരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് നിർദേശിച്ചു.

11 ബ്ലോക്കുകളായി നിർമിച്ച കെട്ടിടവും മുറികളും പരിശോധിച്ചു. വൈദ്യുതി കണക്ഷൻ, കുടിവെള്ള വിതരണം തുടങ്ങിയവ വിലയിരുത്തി.

Tags:    
News Summary - Flat complex in QSS Colony to be inaugurated tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.