കൊല്ലം നീണ്ടകര ഹാർബറിൽ വല ശരിയാക്കുന്ന മത്സ്യത്തൊഴിലാളികൾ
കൊല്ലം: കപ്പൽ അപകടവും കണ്ടെയ്നർ വരവും ബാക്കിയാക്കിയ ദുര്യോഗത്തിന്റെ വലയിലാണ് കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളികൾ. കാര്യമായ തൊഴിൽ നഷ്ടമുണ്ടായ ആഴ്ചകൾക്ക് പിന്നാലെ ഒമ്പതിന് ട്രോളിങ് നിരോധനവും ആരംഭിക്കുന്നത് കുറച്ചൊന്നുമല്ല മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നത്. മഴ മുന്നറിയിപ്പും കപ്പൽ മുങ്ങലും കാരണം സീസണിലെ വിലപ്പെട്ട രണ്ടാഴ്ചയോളമാണ് നഷ്ടമായത്.
കപ്പൽ മുങ്ങിയത് മൂലം കടലിൽ നിന്ന് മത്സ്യം പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. അത് നീങ്ങിയിട്ടും മഴയും കാറ്റും ശക്തമായതോടെ കുറച്ചു ബോട്ടുകൾ മാത്രമാണ് കടലിൽ പോയത്. ഇത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്കാണ് കൊണ്ടെത്തിച്ചത്. ട്രോളിങ് വരുന്നതോടെ തങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് അവർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഹാർബറുകൾ സജീവമായത്.
കണ്ടെയ്നറുകൾ മുങ്ങിയതിന് പിന്നാലെ മത്സ്യം വാങ്ങുന്നതിൽ നിന്ന് ജനങ്ങൾ പിന്തിരിയുന്ന സ്ഥിതിയുണ്ടായതും മേഖലക്ക് ചെറുതല്ലാത്ത തിരിച്ചടിയാണ് നൽകിയത്. മീനിന് വില കുറഞ്ഞിട്ടില്ല എന്നത് തൊഴിലാളികൾക്ക് ആശ്വാസകരമാണെങ്കിലും അവ വാങ്ങാൻ ആളുകൾ തയാറാകാത്തത് വലിയ പ്രതിസന്ധിയാണ് ഏൽപ്പിക്കുന്നത്. ചെറുകിട വിൽപനക്കാർ വലിയ വിലക്ക് മത്സ്യം വാങ്ങുകയും അവ വിറ്റു പോകാതെയിരിക്കുന്ന സാഹചര്യമുണ്ട്. കടലിൽ വിഷാംശം കലർന്നതിന്റെ സൂചനകൾ നിലവിൽ ഇല്ലെന്നും മത്സ്യങ്ങൾ ചത്തു പൊങ്ങിയതായി ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മത്സ്യം കഴിക്കുന്നതിൽ അപകടമില്ലെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
മത്സ്യം വിൽപനയിലെ ഇടിവിനൊപ്പം കണ്ടെയ്നറുകളിൽ ഉടക്കി വലകൾ കീറി പോകുന്ന സാഹചര്യവും കപ്പലപകടം ബാക്കിയാക്കിയിട്ടുണ്ട്. വൻ നഷ്ടമാണ് ഈ വകയിലും നേരിടുന്നത്. അതേസമയം, സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപയും ആറ് കിലോ അരിയും തങ്ങളുടെ നിസ്സഹായ സ്ഥിതിയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന വിമർശനവും മത്സ്യത്തൊഴിലാളികൾ ഉയർത്തുന്നുണ്ട്. പ്രഖ്യാപിച്ച സഹായം അപര്യാപ്തമാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ട്രോളിങ് നിരോധനത്തിന് മുന്നേയുള്ള സീസൺ ദിനങ്ങളിൽ കിട്ടുന്ന ലാഭമാണ് ബോട്ടുകാർക്ക് ട്രോളിങ് നിരോധന സമയത്ത് ആശ്രയമായിരുന്നത്.
ബോട്ടുടമകൾ ബോട്ടുകൾ നന്നാക്കുന്നതും ഇതിൽ നിന്ന് മിച്ചം പിടിച്ചാണ്. ട്രോളിങിന് ശേഷം കടലിൽ പോകാനും ചെലവാക്കേണ്ടത് ലക്ഷങ്ങളാണ്. നിലവിലെ സാഹചര്യത്തിൽ കടുത്ത പ്രതിസന്ധി മാത്രമാണ് തങ്ങളുടെ വലകളിൽ ബാക്കിയാകുന്നതെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. കണ്ടെയ്നറുകൾക്കൊപ്പം അവ കടലിൽ ബാക്കിയാക്കിയ മാലിന്യവും എത്രയും പെട്ടെന്ന് നീക്കം ചെയ്യുന്നതോടൊപ്പം വലിയ പ്രതിസന്ധി നേരിടുന്ന മത്സ്യമേഖലക്ക് അർഹിക്കുന്ന സഹായങ്ങൾ സർക്കാർ ലഭ്യമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിന് നടപ്പിലാക്കുന്ന ട്രോളിങ് നിരോധനത്തോട് ബന്ധപ്പെട്ട എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് കലക്ടർ എൻ. ദേവിദാസ് നിര്‍ദേശിച്ചു. നീണ്ടകര പാലത്തിന് പടിഞ്ഞാറ് വശം, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖങ്ങളാണ് അടച്ചിടുന്നത്. നിരോധനമേഖലയില് ഉള്‍പ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി, അഴീക്കല്‍ അഴിമുഖങ്ങളിലും ബാധകമാണ്.
നീണ്ടകര തുറമുഖത്ത് ഇന്‍ബോര്‍ഡ് എൻജിഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യാനങ്ങള്‍ക്ക് അഷ്ടമുടി കായലിന്റെ കിഴക്ക് തീരങ്ങളിലുള്ള സ്വകാര്യ ബോട്ട്ജെട്ടികളില്‍/വാര്‍ഫുകളില്‍ ലാന്‍ഡിങ് അനുമതി ഉടമകള്‍ നല്കാന് പാടില്ല.
നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ തീരമേഖലകളിലെ ഡീസല്‍ പമ്പുകളെല്ലാം ജൂലൈ 28 വരെ അടച്ചിടണം. മത്സ്യഫെഡിന്റെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍ തീരമേഖലകളിലെ നിശ്ചിത പമ്പുകള്‍ക്കും അഴീക്കലിലെ ആലപ്പാടന്‍, ജെം, കുഴിത്തുറ മറൈന്‍ ഡിസല്‍, ആയിരംതെങ്ങ് നടയില്‍ കിഴക്കതില്‍ എന്നീ സ്വകാര്യ പമ്പുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. മെഷീന് ബോട്ടുകള്‍/ മത്സ്യബന്ധനയാനങ്ങള്‍ എന്നിവക്ക് ഇക്കാലയളവില്‍ അനധികൃതമായി പെട്രോള്‍ വില്ക്കുകയോ വിതരണം ചെയ്യാനോ അനുമതിയില്ല.
ജില്ലയിലെ ഇന്ധനപമ്പുകളില്‍ നിന്ന് കലക്ടറുടെ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നല്‍കാനും പാടില്ല.ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അന്തർ സംസ്ഥാന മത്സ്യബന്ധനയാനങ്ങളെല്ലാം ട്രോളിങ് നിരോധനത്തിന് മുന്നോടിയായി തീരം വിട്ടുപോകണം. നിരോധനകാലയളവിലെ ക്രമസമാധാനപാലനം ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ നിര്‍വഹിക്കുന്നതിന് സബ്കലക്ടറെ നിയോഗിച്ചു. നിരോധനകാലയളവാകെ ക്രമസമാധാനം സംബന്ധിച്ച പ്രതിദിന റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമർപ്പിക്കണം.
കൊല്ലം-കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരുടെ ചുമതല നിര്‍വഹിക്കണം. തീരമേഖലയില്‍ അടിയന്തര സാഹചര്യങ്ങളുണ്ടെങ്കില്‍ പൊലിസ് അസി. കമീഷണര്‍മാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ സബ്കലക്ടര്‍ക്ക് വിവരം കൈമാറി തുടര്‍നടപടി കൈക്കൊള്ളണം. നിരോധനം കൃത്യതയോടെ നടപ്പിലാക്കാന്‍ കോസ്റ്റല്‍ പൊലീസിനെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.