കൊല്ലം: ‘ഉം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്’.... പഴയ കിട്ടുണ്ണി ചേട്ടന്റെ ഡയലോഗ് അടിക്കാൻ കൊല്ലം നഗരവാസികൾക്ക് അവസരം നൽകുന്ന ഓട്ടോറിക്ഷ ഫെയർമീറ്റർ പ്രഖ്യാപനം വീണ്ടുമെത്തി. ഇത്തവണ സിറ്റി പൊലീസ് വകയാണ് ഇക്കാര്യത്തിലെ തീരുമാനവും പ്രഖ്യാപനവും. കൊല്ലം നഗരപരിധിയിൽ സർവിസ് നടത്തുന്ന ഓട്ടോകളിൽ മുഴുവൻ മീറ്റർ പ്രവർത്തിപ്പിച്ചിരിക്കും ഇല്ലെങ്കിൽ കർശന നടപടി എന്ന സ്ഥിരം പല്ലവിയായി ഈ പ്രഖ്യാപനവും കടന്നുപോകുമോ എന്നറിയാൻ അടുത്ത 23 വരെ കാക്കണം.
രണ്ടുവർഷം മുമ്പ് മോട്ടോർവാഹനവകുപ്പും മാസങ്ങൾക്കുമുമ്പ് കോർപറേഷൻ മേയറും ഇതേ ‘പല്ലവിയിൽ’ പ്രഖ്യാപനം അടിച്ചിറക്കിയിരുന്നു. എന്നാൽ, ഓട്ടോകളിൽ മീറ്റർ മാത്രം ഓൺ ആയില്ല. സ്ഥിതി തുടരുമ്പോഴാണ് ഇത്തവണ സിറ്റി പൊലീസിന്റെ നേതൃത്വത്തിലെ ‘സുപ്രധാന’ തീരുമാനം.
കൊല്ലം നഗരപരിധിയിൽ സർവിസ് നടത്തുന്ന എല്ലാ ട്രേഡ് യൂനിയനുകളിലും ഉൾപ്പെട്ട ഓട്ടോതൊഴിലാളികളുമായി കൊല്ലം സിറ്റി പൊലീസും കൊല്ലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റെും സംയുക്തമായി നടത്തിയ യോഗത്തിലാണ് മീറ്റർ നിർബന്ധമായും പ്രവർത്തിപ്പിക്കാൻ ഉൾപ്പെടെ തീരുമാനം എടുത്തത്. അടുത്ത 23 മുതൽ സിറ്റിയിൽ സർവിസ് നടത്തുന്ന എല്ലാ ഓട്ടോകളും നിർബന്ധമായും ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണം, സിറ്റി പെർമിറ്റ് ഇല്ലാത്തവ സിറ്റി പരിധിയിൽനിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ല.
സിറ്റി പെർമിറ്റ് ഉള്ളവക്ക് സിറ്റിയിൽ ഏത് സ്റ്റാൻഡിലും ടേൺ അനുസരിച്ച് ക്യൂ പാലിച്ച് സർവിസ് നടത്താം. എന്നിങ്ങനെ സ്ഥിരം സ്റ്റാൻഡ് സംവിധാനം ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ള തീരുമാനം ഉൾപ്പെടെ വർഷങ്ങൾക്കുമുമ്പ് മോട്ടോർ വാഹനവകുപ്പ് ‘രംഗത്തിറക്കിയതാണ്’.
തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി യെന്നാണ് സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്. സിറ്റി പൊലീസ് കമീഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം കൊല്ലം അസിസ്റ്റന്റ് കമീഷണർ എസ്. ഷെറീഫ്, കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.