കൊല്ലം: ഓണക്കാലത്ത് അനധികൃത വ്യാജ മദ്യവില്പനയും വിപണനവും സിന്തറ്റിക് ഡ്രഗ്സ് ഉള്‍പ്പടെ മയക്കുമരുന്നുകളുടെ വില്പന, സംഭരണം, ഉപഭോഗം എന്നിവ തടയുന്നതിന് എക്സൈസിന്റെ പ്രത്യേക പരിശോനക്ക് തീരുമാനം. റെയില്‍വേ സ്റ്റേഷന്, കര്‍ബല ജങ്ഷന്, എസ്.എന്‍ കോളജ് ജങ്ഷന്, ബീച്ച്, കെ.എസ്.ആര്.ടി.സി, ബോട്ട് ജെട്ടി, വാടി കടപ്പുറം, ആര്യങ്കാവ്, തെന്മല തുടങ്ങിയ ഇടങ്ങളില്‍ നിരന്തര പരിശോനകളുണ്ടാകും. ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍, ഫ്ലാറ്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും.
സ്കൂളുകളിലും കോളജുകളിലും ബോധവത്കരണം നല്‍കുന്നത് കൂടുതല്‍ ഊര്‍ജിതമാക്കും. സെപ്റ്റംബര്‍ 10 വരെയാണ് സ്പെഷല്‍ ഡ്രൈവ്. എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും ജില്ല കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. ജില്ലയെ രണ്ടു മേഖലകളായി തിരിച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റും ഓരോ അതിര്‍ത്തി - ഹൈവേ പട്രോളിങ് യൂനിറ്റുകളും 24 മണിക്കൂറും ചെക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ വാഹനപരിശോധനയും ശക്തിപ്പെടുത്തി.
രാത്രികാല വാഹനപരിശോധനയും നടത്തും. ആകസ്മിക പരിശോധനകള്‍ക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചുമതലയില്‍ 13 അംഗങ്ങളുള്ള പ്രത്യേക സംഘം രൂപവത്കരിച്ചു. പൊതുജനങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പരായ 155358 ല്‍ പരാതികള്‍/വിവരങ്ങള്‍ അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. പൊലീസ്, റവന്യൂ, ഫോറസ്റ്റ്, ഡ്രഗ്സ് കണ്ട്രോള് വകുപ്പുകളുമായി ചേര്‍ന്ന് എക്സൈസ് വകുപ്പ് സംയുക്ത റെയ്ഡുകളും സംഘടിപ്പിക്കും. കള്ളുഷാപ്പുകളിലൂടെ ശുദ്ധമായ കള്ള് മാത്രം വില്പന നടത്തുന്നുവെന്ന് ഉറപ്പാക്കും. പെര്‍മിറ്റ് പ്രകാരം എത്തുന്ന കള്ള് കൃത്യമായി പരിശോധന വിധേയമാക്കും.
ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ആറു ശതമാനത്തിലേറെ മദ്യാംശം സാമ്പിളിൽ കണ്ടെത്തുന്ന ഷാപ്പുകളെ പ്രത്യേകമായി നിരീക്ഷിക്കും. ജില്ലതല ചാരായനിരോധന ജനകീയ നിരീക്ഷണ സമിതി യോഗത്തില്‍ അധ്യക്ഷനായ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിര്‍മല്‍കുമാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിരീക്ഷണത്തിനും നടപടികള്‍ക്കും നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.