കൊല്ലം: എക്സൈസ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ച് കയറി പരിശോധന നടത്തി അപമാനിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ നിർദേശം. എഴുകോൺ സ്വദേശി വി.എസ് ചന്ദ്രപ്രകാശിന്റെ പരാതിയിലാണ് നടപടി. 2023 ഓഗസ്റ്റ് 26 നാണ് സംഭവം. ഉച്ചക്ക് 12 മണിയോടെ എത്തിയ സംഘം വീട്ടിലേക്ക് തള്ളികയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഗൃഹനാഥൻ വീട്ടിലില്ലെന്ന് പറഞ്ഞിട്ടും ഭാര്യയെയും മകളെയും അപമാനിച്ചതായും പരാതിയിലുണ്ട്. പരാതിയെ കുറിച്ച് എക്സൈസ് കമീഷണർ തലത്തിൽ അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവ്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നും ഉത്തരവിലുണ്ട്. കേസ് വീണ്ടും ഡിസംബറിൽ പരിഗണിക്കും.
സംഭവത്തെ കുറിച്ച് കൊല്ലം ഡപ്യൂട്ടി എക്സൈസ് കമീഷണറിൽ നിന്നും കമീഷൻ നേരത്തെ റിപ്പോർട്ട് വാങ്ങിയിരുന്നു. ലഹരി വസ്തുക്കളുടെ അനധികൃത വിൽപന തടയുന്നതിന്റെ ഭാഗമായി, ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്റെ വീട്ടിൽ പരിശോധന നടത്തിയതെന്നും ഇത്തരം പരിശോധനകളിൽ മാന്യമായി പെരുമാറാനും മനുഷ്യാവകാശ ലംഘനങ്ങൾ സംഭവിക്കാതിരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. രഹസ്യ വിവരം ലഭിക്കുമ്പോൾ വിശ്വാസ്യത ഉറപ്പാക്കിയിട്ട് മാത്രമേ തുടർ നടപടി സ്വീകരിക്കാവൂ എന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ, മുമ്പ് അബ്കാരി കേസിൽ പ്രതിയായ ഒരാൾ തനിക്കൊപ്പം താമസിക്കുന്നു എന്ന തെറ്റായ വസ്തുത എക്സൈസ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിലുണ്ടെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചു. ഇയാൾ തന്റെ സമീപവാസി മാത്രമാണ്. തെറ്റായ റിപ്പോർട്ട് നൽകിയത് എക്സൈസിന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ വേണ്ടിയാണെന്നും പരാതിക്കാരൻ അറിയിച്ചു. പരാതിക്കാരനെതിരെ തെറ്റായ വിവരം നൽകിയയാളെ എക്സൈസിന് അറിയാമെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. നാലോളം അബ്കാരി കേസുകളിൽ പ്രതിയായ വ്യക്തിയുമായുള്ള സഹകരണമാകാം പരാതിക്കാരനെതിരായ നടപടിക്ക് പിന്നിലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരത്തിൽ ലഭിക്കുന്ന എല്ലാ രഹസ്യ വിവരങ്ങളുടെയും വിശ്വാസ്യത പരിശോധിക്കപ്പെടേണ്ടതല്ലേ എന്നും ഉത്തരവിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.