കൊല്ലം: സേവന-ആഘോഷ സമന്വയത്തിൽ സർക്കാറിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രഖ്യാപനവേദിയായി മാറിയ ‘എന്റെ കേരളം’ പ്രദർശന-വിപണന മേളക്ക് ചൊവ്വാഴ്ച കൊടിയിറക്കം. ആദ്യദിനം മുതൽ ഒഴുകിയെത്തിയ ജനം 250ഓളം സ്റ്റാളുകളിലായി നിറഞ്ഞ പ്രദർശനം ഏറ്റെടുത്ത ആഘോഷ കാഴ്ചയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. 156 തീം സ്റ്റാളുകളിലായി സര്‍ക്കാറിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ കാഴ്ചാനുഭവങ്ങളും സൗജന്യസേവനങ്ങളും 96 വാണിജ്യ സ്റ്റാളുകളിലൂടെ ന്യായവിലക്കുള്ള ഉൽപന്നനിരയും തീം പവിലിയനുകളുടെ ആകര്‍ഷണീയതയും ഭക്ഷ്യമേളയുടെ രുചിഭേദങ്ങളും ആയിരങ്ങൾ കണ്ടറിഞ്ഞു.
ജില്ല മെഡിക്കല്‍ ഓഫിസിന്റെ സ്റ്റാളില്‍ മൂവായിരത്തിലധികം പേര് ബി.പി, പ്രമേഹം, എച്ച്.ബി പരിശോധനകള്‍ നടത്തി. 1250 പേര്‍ക്ക് യു.എച്ച്.ഐ.ഡി കാര്‍ഡും പുതുതായി നല്കി. ആയുഷ്, ഹോമിയോ സ്റ്റാളുകളില്‍ ആരോഗ്യപരിശോധന നടത്തിയവരും അനവധി. ജയില്‍ വകുപ്പ് ഒരുക്കിയ ജില്ല ജയില്‍ മാതൃക കാണാനും വി.ആര് മുഖേന വധശിക്ഷാ രീതി കാണാനും തിരക്കേറിയിരുന്നു.
പൊലീസിന്റെ കസബ ജയില്‍ മാതൃക, ആയുധപ്രദര്‍ശനം, അഗ്നിരക്ഷാസേനയുടെ സി.പി.ആര് ഉള്‍പ്പടെയുള്ള പ്രഥമ ശുശ്രൂഷ, സുരക്ഷ പാഠങ്ങള്‍, രക്ഷാപ്രവര്‍ത്തന രീതികള്‍, ബര്‍മ പാലം മാതൃക എന്നിവയും പുതുമയായി. എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണം, കിഫ്ബിയുടെ വികസന പ്രദര്‍ശനം എന്നിവയുമുണ്ടായിരുന്നു.
ടൂറിസംവകുപ്പിന്റെ ഡെസ്റ്റിനേഷന്‍ വെഡിങ്, കുടില്‍വ്യവസായ മാതൃക, വെര്‍ച്വല്‍ ബീച്ച്, പി.ആര്.ഡിയുടെ പവിലിയനിലെ 360 ഡിഗ്രി സെല്‍ഫി കോര്‍ണർ എന്നിവയും കൗതുകമായി. ഐ.ടി മിഷന്റെ സൗജന്യ ആധാര്‍ അപ്ഡേഷന് നടത്തിയത് 1500 ലധികം പേരാണ്.
കൃഷി, ആരോഗ്യം, മൃഗസംരക്ഷണം, ക്ഷീരവികസനം, എക്സൈസ്, ആയുഷ് എന്നിവയൊരുക്കിയ സെമിനാറുകളും ശ്രദ്ധേയമായി. വിദ്യാഭ്യാസം, വനിത ശിശുവികസന വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ കലാപ്രകടനങ്ങളും മികവേറ്റി.
കലാപരിപാടികള്‍ നഗരരാത്രികളിൽ ആഘോഷം നിറച്ചു. സമാപനസമ്മേളനം വൈകീട്ട് 4.30ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബി. ഗണേഷ്കുമാര് അധ്യക്ഷത വഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. മികച്ച തീം-കമേഴ്സ്യല്‍ സ്റ്റാളിന് സമ്മാനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.