കൊല്ലം: ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയിൽ സ്റ്റാളുകളിലെ ഉൽപന്നങ്ങൾ കാണുകയും വാങ്ങുകയും ചെയ്യുന്നവർ സംരംഭകരെ ശ്രദ്ധിക്കാനും വിശേഷം തിരക്കാനും മടിക്കേണ്ട.
സ്വാശ്രയത്വത്തിന്റെയും സമർപ്പണത്തിന്റെയും അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകൾ കേൾക്കാനും പഠിക്കാനും പ്രചോദനം നേടാനുമുള്ള അവസരം മുന്നിലുണ്ട്.
സ്വപ്രയത്നത്തിലൂടെ കരുത്തോടെ മുന്നേറുന്നതും ചെറുചിന്തകൾ പോലും സംരംഭമാക്കി മാറ്റുന്നതുമൊക്കെ അവർ പറഞ്ഞുതരും. അത്തരത്തിലെ മൂന്ന് സംരംഭങ്ങളെ പരിചയപ്പെടാം.
മേളയിലെ സ്റ്റാളുകൾ എല്ലാം നടന്ന് കണ്ട്, സാധനങ്ങൾ വാങ്ങിപ്പോകുന്നവർ ഏറ്റവും ഒടുവിലുള്ള ഒരു കുഞ്ഞു സ്റ്റാളിനെ കാണാതെ പോകരുത്. അവിടെ വർണചിത്രങ്ങളും നെറ്റിപ്പട്ടങ്ങളും ചന്ദനത്തിരിയും സോപ്പുകളും പേപ്പർ കവറും നൈറ്റികളും ഒക്കെ വിൽപനക്ക് നിരത്തി കുറച്ചുപേർ കാത്തിരിപ്പുണ്ട്.
ചിൽഡ്രൻസ് ഹോം, ആഫ്റ്റർ കെയർ ഹോം, മഹിള മന്ദിരം എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുമായി ‘എന്റെകേരളം’ മേളയിലെ സ്റ്റാൾ
കൊല്ലം ഗവ. ചിൽഡ്രൻസ് ഹോം, ഈഞ്ചവിള ആഫ്റ്റർ കെയർ ഹോം, കരിക്കോട് ഗവ. മഹിള മന്ദിരം എന്നിവിടങ്ങളിലെ താമസക്കാർ നിർമിച്ച ഉൽപന്നങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ വരച്ച അമ്പതിലധികം ചിത്രങ്ങൾ, നെറ്റിപ്പട്ടം, ഗ്ലാസ് പെയിന്റ് പോലുള്ള ക്രാഫ്റ്റ് ഉൽപന്നങ്ങൾ എന്നിവയാണ് പ്രധാന ആകർഷണം.
ചിത്രരചനയും ക്രാഫ്റ്റ്സും പഠിപ്പിക്കാൻ ചിൽഡ്രൻസ് ഹോമിൽ അധ്യാപകരുണ്ട്. അവരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ ഭാവന ചിറകുവിടർത്തുന്നത് ഈ ചിത്രങ്ങളിൽ കാണാം.
ഇതിനകം കുറച്ച് ചിത്രങ്ങൾ വിറ്റുപോയ സന്തോഷത്തിലാണിവർ. ഇനിയും ആവശ്യക്കാർ ഏറെ എത്തുമെന്ന പ്രതീക്ഷയിലാണിവർ. ഇതേ സ്റ്റാളിൽനിന്ന് ഈഞ്ചവിള ആഫ്റ്റർ കെയർഹോമിലെ വനിതകൾ നിർമിച്ച ലോഷനും ബാത്ത് സോപ്പും ബാർ സോപ്പും ചന്ദനത്തിരിയും വാങ്ങാം.
അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകൾ പറയുന്ന ഉൽപന്നങ്ങൾ വാങ്ങാനും അവർക്കൊപ്പം ചേർന്നുനിൽക്കാനും ഏറെ പേരാണ് ഇവിടം സന്ദർശിക്കുന്നത്.
എത്ര പൂക്കാത്ത ചെടിയും പൂക്കും, എത്ര കായ്ക്കാത്ത മാവും കായ്ക്കും, പോകാത്ത വെള്ളീച്ചകൾ പറപറക്കും... വാക്കുകൾ മാത്രമല്ല, പ്രവൃത്തികൊണ്ട് തെളിയിച്ച് 35 സെന്റിലെ പച്ചക്കറികൃഷിയോടുള്ള ഇഷ്ടത്തെ സംരംഭമാക്കി മാറ്റി വിജയംനേടിയ കഥയാണ് സി.എം നാച്വറൽ ബയോ പ്രോഡക്ടിന്റെ സ്റ്റാളിലുള്ളത്.
ചിതറ അയിരക്കുഴി മരുതമൂട്ടിൽ വീട്ടിൽ ഷൈല താഹയും ഭർത്താവ് എം. താഹയുമാണ് സ്വയംവികസിപ്പിച്ചെടുത്ത പ്രകൃതിദത്ത കീടനാശിനിയും വളർച്ചാപ്രേരകമായ ഉൽപന്നവുമായി എന്റെ കേരളത്തിലും ശ്രദ്ധനേടുന്നത്.
പച്ചക്കറിനീരിൽ നിന്ന് ജൈവകീടനാശിനി ഉൽപാദിപ്പിച്ച ഷൈല താഹ
25 വർഷമായി കൃഷി ചെയ്യുന്ന ഷൈലയും ഭർത്താവ് താഹയും യാദൃച്ഛികമായാണ് ആറുവർഷം മുമ്പ് സി.എം കീടനാശിനി വികസിപ്പിച്ചത്. ഇവർ വിളയിച്ചെടുത്ത കുറച്ച് പച്ചക്കറികൾ ഒരുപാത്രത്തിൽ ഉപേക്ഷിച്ചിരുന്നു. മാസങ്ങളോളം ഇതിനെ ശ്രദ്ധിച്ചില്ല.
ഒടുവിൽ പച്ചക്കറിയിൽ നിന്ന് ഊർന്നിറങ്ങിയ നീര് വീട്ടിലെ ചെടികളിൽ തളിച്ചപ്പോൾ, വലിയ രീതിയിൽ കായ്ഫലം ഉണ്ടായതായി കണ്ടെത്തുകയായിരുന്നു. സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രഫസറായ ഷംസിയയുടെ കൈത്താങ്ങ് കൂടി ആയതോടെ ഉൽപന്നത്തിന്റെ വളർച്ച വേഗത്തിലായി.
വെള്ളായണി കാർഷിക കോളജിന്റെ അംഗീകാരവും ലഭിച്ചതോടെ കൃഷിഭവനുകളിലും ഈ ‘പച്ചക്കറി നീര്’ കീടനാശിനി വിൽപനയിൽ ഹിറ്റായി. ഇപ്പോൾ കാഞ്ഞിരത്തുംമൂട്ടിൽ സ്വന്തമായൊരു വിൽപന കേന്ദ്രവും രണ്ട് ജീവനക്കാരുമുണ്ട്. വ്യവസായ വകുപ്പിന്റെ മികച്ച സംരംഭകക്കുള്ളതുൾപ്പെടെ 25ഓളം പുരസ്കാരങ്ങൾ ഇതിനകം ഷൈല നേടി.
ഇറാഖിലെ പ്രമുഖ കമ്പനിയിൽ മെക്കാനിക്കൽ വിഭാഗത്തിൽ കൺട്രി ഹെഡ് പദവിയിൽനിന്ന് പാഷൻ തേടി സ്വന്തം നാട്ടിലെത്തി പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഗുണകരമായ ഉൽപന്നം നിർമിച്ച് സംരംഭകയായ സ്വപ്നനേട്ടമാണ് പട്ടാഴി സ്വദേശിയുടേത്.
അമ്പാടി ഗോശാല എന്ന പേരിൽ പട്ടാഴി സ്വദേശി ശ്യാം തുടങ്ങിയ സംരംഭമാണ് മൂല്യവർധിത ഉൽപന്നങ്ങളുടെ കലവറയായി ആളുകളെ ആകർഷിക്കുന്നത്. കേരള ആയുർവേദ പഞ്ചഗവ്യ ഉൽപന്നങ്ങളാണ് എന്റെ കേരളം മേളയിലെ അമ്പാടി ഗോശാല സ്റ്റാളിൽ ലഭിക്കുന്നത്.
അമ്പാടി ഗോശാല സ്റ്റാൾ
പ്രകൃതിക്കും മനുഷ്യനും അലർജിയുണ്ടാക്കില്ല എന്ന ടാഗ്ലൈനിൽ പ്രധാനമായും പശുവിന്റെ പാൽ, മൂത്രം, ചാണകം എന്നിവയിലും മറ്റ് പ്രകൃതിദത്ത വസ്തുക്കളിലും നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളാണ് വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.