അഞ്ചൽ: ഭർത്താവിന്റെ മരണത്തെത്തുടർന്ന് വൈദ്യുതി ബിൽ അടവു വരുത്തുന്നതിൽ വീഴ്ച വരുത്തിയ നിർധനയായ വിധവയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്ററും അനുബന്ധ സാമഗ്രികളും കെ.എസ്.ഇ.ബി ജീവനക്കാരെത്തി അഴിച്ചു മാറ്റിക്കൊണ്ടു പോയെന്നും ബിൽ അടച്ചിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചില്ലെന്നും പരാതി. വാളകം ഇലക്ട്രിക്കൽ സെക്ഷൻ അധികൃതർക്കെതിരെ ഇടയം ആതിരഭവനിൽ ജയശ്രീയാണ് പരാതിയുന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈ മുതൽ ഈ വർഷം ജൂൺ വരെയുള്ള കാലയളവിൽ ഒടുക്കേണ്ടതായ 778 രൂപ കുടിശ്ശിക വരുത്തിയതിനാലാണ് ജൂൺ 14ന് മീറ്റർ അഴിച്ചുമാറ്റിയത്. ഇതിനെത്തുടർന്ന് ജയശ്രീ കഴിഞ്ഞ രണ്ടാം തീയതി വാളകം കെ.എസ്.ഇ.ബി ഓഫിസിലെത്തി ബിൽ തുക പൂർണമായും അടച്ചു തീർത്തു. വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറാകുന്നില്ലെന്നാണ് പരാതി.
ഇതിനെതിരെ വൈദ്യുതി വകുപ്പിലെ ഉന്നതോദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ജയശ്രീ പറഞ്ഞു. സമ്പൂർണ വൈദ്യുതി നയം നടപ്പാക്കുന്ന നാട്ടിലെ ഈ നടപടി വൈദ്യുതി അധികൃതർക്കെതിരെ നാട്ടിൽ ജനരോഷമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.