കൊല്ലം: ഓൺലൈൻ വഴി ഒ.പി ടിക്കറ്റ് എടുക്കാനും തുടർസേവനങ്ങൾക്കും സഹായമൊരുക്കുന്ന ഇ ഹെൽത്ത് സംവിധാനം ജില്ലയിൽ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നു. നിലവിൽ 48 ആശുപത്രികളിലാണ് ജില്ലയിൽ ഇ-ഹെൽത്ത് സേവനം ലഭിക്കുന്നത്. എട്ട് ആശുപത്രികളിൽ കൂടി സേവനം വൈകാതെ ലഭ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ്, കൊല്ലം ജില്ല ആശുപത്രി, ഗവ.വിക്ടോറിയ ആശുപത്രി, ഒമ്പത് താലൂക്ക് ആശുപത്രികൾ, രണ്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 29 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, അഞ്ച് നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് നിലവിൽ ഇ-ഹെൽത്ത് സേവനം ലഭിക്കുന്നത്.
സ്വകാര്യ ആശുപത്രികൾക്ക് സമാനമായി രോഗിയുടെ പൂർണ ഹെൽത്ത് റെക്കോഡ് ഇതുവഴി ആരോഗ്യ സംവിധാനത്തിൽ ലഭ്യമാകും. ഇ-ഹെൽത്ത് സംവിധാനം ഉള്ള ഏത് ആശുപത്രിയിൽ നിന്നും വ്യക്തിഗത തിരിച്ചറിയൽ കാർഡ് വഴി രോഗിയുടെ മുൻകാല രോഗങ്ങൾ, ലഭിച്ച ചികിത്സ എന്നിവ ലഭിക്കും. ഓൺലൈൻവഴി എടുക്കുന്ന ഒ.പി ബുക്കിങ് നമ്പർ കാണിച്ചാൽ ആശുപത്രിയിൽ ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റ് ലഭിക്കും. മറ്റൊരു ദിവസത്തേക്ക് അഡ്വാൻസ് ടോക്കണും എടുക്കാം. https://ehealth.kerala.gov.in വഴിയാണ് രജിസ്റ്റർ ചെയ്യുന്നത്. ആധാർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ് കൂടാതെ ആപ്പും ഉപയോഗിക്കാം.
രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന വ്യക്തിഗത ഐ.ഡി ഉപയോഗിച്ചാണ് തുടർന്ന് ഒ.പി ടിക്കറ്റ് ഉൾപ്പെടെ സേവനങ്ങൾ ബുക്ക് ചെയ്യേണ്ടത്. മണിക്കൂറുകൾ കാത്തുനിന്ന് ടോക്കൺ എടുത്ത് ഒ.പി ടിക്കറ്റ് എടുക്കുന്നത് പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ദിനംപ്രതി നൂറുകണക്കിന് പേരാണ് സേവനം ഉപയോഗിക്കുന്നത്. കൂടുതൽ ആശുപത്രികളിലേക്ക് കൂടി ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് വരുന്നതോടെ പദ്ധതി കൂടുതൽ ജനകീയമാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.