വെള്ളം കൊണ്ടുവരുന്നതും കാത്തുനിൽക്കുന്ന വീട്ടമ്മമാർ
ഇരവിപുരം: തീരദേശ മേഖലയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും അധികൃതർ അറിഞ്ഞ മട്ടില്ല. കുടിവെള്ളം കിട്ടാത്തതിനാൽ ദുരിതത്തിലായത് വാട്ടർ അതോറിറ്റിയുടെ വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന മുന്നൂറോളം കുടുംബങ്ങളാണ്. കൊല്ലം ഇരവിപുരം തീരദേശ മേഖലയിലെ കുടുംബങ്ങൾക്കാണ് രണ്ടാഴ്ചയായി കുടിവെള്ളം ഇല്ലാത്തത്. ഇരവിപുരം തെക്കുംഭാഗം തീരദേശ മേഖലയിലെ മുന്നൂറോളം വരുന്ന കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്താണ് കുടിവെള്ളം മുടങ്ങിയിട്ടുള്ളത്. ഈ പ്രദേശത്തേക്ക് വരുന്ന പമ്പ് സെറ്റിന് തകരാറ് സംഭവിച്ചതുകൊണ്ടാണ് കുടിവെള്ളം മുടങ്ങിയതെന്നാണ് അധികൃതരുടെ വാദം.
എന്നാൽ, പമ്പ് സെറ്റിന്റെ തകരാറ് മന്ദഗതിയിലാണ് പരിഹരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടാഴ്ചക്കാലമായി കുടിവെള്ളം മുടങ്ങിയ സാഹചര്യത്തിൽ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഗുഡ്സ് ഓട്ടോയിൽ ഇവിടത്തേക്ക് വെള്ളം എത്തിക്കുന്നുണ്ട്. എന്നാൽ, അത് വളരെ ചുരുക്കം കുടുംബങ്ങൾക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ. പിന്നീട് വാഹനം വരണമെങ്കിൽ രണ്ടു ദിവസവും കാത്തിരിക്കണം. അതിനാൽ കുടുംബങ്ങളെല്ലാം വലിയ വില കൊടുത്ത് കുടിവെള്ളം വാങ്ങേണ്ടതായ അവസ്ഥയിലാണ്. വോട്ട് തേടി എത്തിയവരോടും ജനപ്രതിനിധികളോടും നിരവധി തവണ ദുരിതം അറിയിച്ചിട്ടും ഉടനെ ശരിയാക്കിത്തരാം എന്ന മറുപടി മാത്രമാണ് ലഭിച്ചത്. എന്നാൽ, നാളിതുവരെയും ഇവിടെക്ക് കുടിവെള്ളം എത്തിയിട്ടില്ല.
ചാത്തന്നൂർ: വേനൽ കടുത്തതോടെ കനാലിൽ വെള്ളവുമില്ല, തോടുകളും നീരുറവകളും കിണറുകളും വറ്റിത്തുടങ്ങി. കുടിവെള്ളത്തിനായി ജനങ്ങൾനെട്ടോട്ടമോടുന്നു. ചൂട് കാലത്ത് കനാൽ ജലത്തെ ആശ്രയിക്കുന്ന ചാത്തന്നൂർ ചിറക്കര പഞ്ചായത്തുകളിലെ ജനങ്ങളാണ് കുടിവെള്ളത്തിനായി കേഴുന്നത്. മുൻവർഷങ്ങളിൽ കല്ലട ജലസേചന പദ്ധതിയുടെ കനാലിലൂടെ വെള്ളം എത്തിയതിനാൽ സമീപത്തുള്ള കിണറുകളിൽ ഉറവ ലഭിച്ചിരുന്നു. സമീപത്തുള്ള കൃഷിക്കും ഇത് ആശ്വാസം നൽകിയിരുന്നു. കനാൽ തകർന്നതോടെ അത് നിലച്ചു. പുനർനിർമാണം നടത്തിയെങ്കിലും ഇതുവരെയും വെള്ളം വന്ന് തുടങ്ങിയിട്ടില്ല. മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണിയുടെ പേരിലാണ് ഇപ്പോൾ വെള്ളം വരാത്തത്. കനാൽ ഇത് പഞ്ചായത്ത് അധികൃതർ വൃത്തിയാക്കിയിട്ടുമില്ല.
കനാൽവെള്ളമെത്തുന്നതും നോക്കി കാത്തിരിക്കുന്നത് കർഷകരും കുടിവെള്ളം പോലും കിട്ടാതെ വിഷമിക്കുന്ന നാട്ടുകാരുമാണ്. കനാലിന്‍റെ കൈവഴി പല ഭാഗത്തുകൂടിയും പോകുന്നതിനാൽ വെള്ളം ഒഴുകിത്തുടങ്ങിയാൽ മിക്ക കിണറുകളിലും ഉറവ കിട്ടും. കനാൽ അടിയന്തരമായി വൃത്തിയാക്കി വെള്ളം തുറന്നുവിടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഇത്തിക്കരയാറ്റിൽ ജലനിരപ്പ് താഴ്ന്നതോടെ ഇത്തവണ ആറ്റുതീരത്തുപോലും കുടിവെള്ളക്ഷാമം രൂക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.