കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ്​ ടൂ​റി​സം സെ​ൽ ഓ​ഫി​സ്

അടിച്ചോ ഡബ്ൾ ബെൽ, അടിച്ചുപൊളിക്കാം

കൊല്ലം: കടൽ, കായൽ, കാട്.... എങ്ങോട്ടാണ് പോകേണ്ടത്, ആനവണ്ടി റെഡി. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്ര ജില്ലയിൽ ഇരുനൂറിലേക്ക് എത്തുകയാണ്. വ്യത്യസ്തവും ആകർഷകവുമായ പാക്കേജുകൾ ഒരുക്കുകയാണ് ജില്ല ബജറ്റ് ടൂറിസം സെൽ.

കുറഞ്ഞ ചെലവിലെ വിനോദയാത്ര ജനപ്രീതി നേടിയിട്ട് നാളുകളേറെയായി. വിജയകരമായ കായൽ യാത്രക്കും കടൽ യാത്രക്കും ഒടുവിൽ നവംബർ മൂന്നിന് നടത്തുന്ന വയനാട് യാത്രക്കും കൊച്ചിയിൽ നിന്നുള്ള കപ്പൽ യാത്രക്കും ബുക്കിങ് പുരോഗമിക്കുകയാണ്. ഭൂരിഭാഗം സീറ്റുകളും ബുക്കിങ് നടന്നുകഴിഞ്ഞു.

വിനോദയാത്രകള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചതോടെ കൂടുതല്‍ സഞ്ചാരപാതകള്‍ ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് ബജറ്റ് ടൂറിസം സെൽ. ജനുവരി എട്ടിനാണ് കൊല്ലത്തു നിന്ന് ആദ്യമായി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി വിനോദയാത്ര തുടങ്ങിയത്. സംസ്ഥാനത്തുതന്നെ മികച്ച രീതിയിൽ ടൂറിസം പാക്കേജുകൾ അവതരിപ്പിക്കാനും കുറഞ്ഞകാലയളവുകൊണ്ട് കഴിഞ്ഞു.

ഉ​ല്ലാ​സ​യാ​ത്ര​ക്കാ​യി ത​യാറാ​ക്കി​യിരി​ക്കു​ന്ന

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ

ജില്ലയിലെ വിവിധ ഡിപ്പോകളിലായി 190 വിനോദ യാത്രകളാണ് ഇതുവരെ നടത്തിയത്. സെഞ്ച്വറിയടിച്ച് കൊല്ലം ഡിപ്പോ തന്നെയാണ് മുന്നിൽ. കഴിഞ്ഞ ദിവസം വരെ 112 യാത്രകളാണ് കൊല്ലം ഡിപ്പോയിൽനിന്ന് നടത്തിയത്. 47 യാത്രകളുമായി കൊട്ടാരക്കര ഡിപ്പോയാണ് രണ്ടാമത്. ചാത്തന്നൂർ 14 യാത്രകൾ നടത്തി. കരുനാഗപ്പള്ളിയിൽ പത്തിനോട് അടുക്കുന്നു. കുളത്തൂപ്പുഴ, ആര്യങ്കാവ് എന്നിവിടങ്ങളിൽ നിന്നും യാത്രകൾ നടത്തുന്നുണ്ട്.

സ്കൂളോ കോളജുകളോ ഇഷ്ടമുള്ള സ്ഥലത്തേക്ക് യാത്ര ആസൂത്രണം ചെയ്താൽ കെ.എസ്.ആർ.ടി.സി ഒപ്പമുണ്ടാകും. 39 പേരുണ്ടെങ്കിൽ പറയുന്ന സ്ഥലത്തേക്ക് യാത്ര പോകാം. ചുരുങ്ങിയ ചെലവില്‍ കേരളത്തിലെ പ്രധാന ടൂറിസം പോയന്റുകളിലൂടെ വിനോദയാത്ര സാധ്യമാക്കിയതോടെയാണ് കൂടുതല്‍ പേര്‍ തേടിയെത്തുന്നത്. യാത്രയും, പാസുകളും, ഭക്ഷണവും, താമസസൗകര്യങ്ങളുമെല്ലാം വിവിധ യാത്രപാക്കേജുകളിൽ സെൽ ഒരുക്കിയിട്ടുണ്ട്.

വിനോദയാത്രയിലൂടെ കെ.എസ്‌.ആർ.ടി.സി കൊല്ലം ബജറ്റ് സെല്ലിന് ഇതുവരെ ലഭിച്ച വരുമാനം 70 ലക്ഷത്തിനടുത്താണ്. മൂന്നാറിലേക്കും റോസ്മലയിലേക്കുമാണ് ഏറ്റവുമധികം യാത്ര നടന്നത്.

കൂടുതൽ ആവശ്യക്കാരുള്ളതും മൂന്നാർ പാക്കേജിനാണ്. ഏകദേശം 25 ഡിപ്പോകളിൽ നിന്നായി മൂന്നാറിലേക്ക് സർവിസ് നടത്തുന്നുണ്ട്. കൊച്ചിയിലെ നെഫെർറ്റിറ്റി ആഡംബര ക്രൂയിസുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്ന സർവിസുകളും മികച്ചതാണ്.

ഉ​ല്ലാ​സ​യാ​ത്ര​ക്കാ​യി ത​യാറാ​ക്കി​യിരി​ക്കു​ന്ന

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ

നെല്ലിയാമ്പതി, വയനാട്, മൺറോതുരുത്ത്, കുമരകം, പൊന്മുടി, മലക്കപ്പാറ പോലുള്ള വിനോദ കേന്ദ്രങ്ങളിലേക്കുള്ള ടൂർ പാക്കേജിനു പുറമെ, വേളാങ്കണ്ണി, പളനി, നാലമ്പലദർശനം എന്നിങ്ങനെ തീർഥാടന വഴിയിലും കെ.എസ്.ആർ.ടി.സി റെഡിയാണ്.

മൂന്നാർ, വയനാട് പോലുള്ള സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ തന്നെ താമസ സൗകര്യം ഉൾപ്പെടുത്തിയാണ് പാക്കേജുകൾ നൽകുന്നത്. മറ്റിടങ്ങളിൽ ആവശ്യമെങ്കിൽ താമസ സൗകര്യം ക്രമീകരിച്ചു നൽകുകയും ചെയ്യും. സർവിസുകളിൽ 80 ശതമാനവും താമസ സൗകര്യം ആവശ്യമില്ലാത്ത ഏകദിന സർവിസുകളാണ്. 

അടിച്ചുപൊളിക്കാൻ വയനാടൻ യാത്ര

നവംബർ മൂന്നിന് വൈകീട്ട് ഏഴിനാണ് മൂന്നു പകലും രണ്ടു രാത്രിയും വയനാടിനെ അടുത്തറിയാൻ കൊല്ലംഡിപ്പോ അവസരം ഒരുക്കുന്നത്. ജംഗിൾ സഫാരി, സ്റ്റേ, എൻട്രി ഉൾപ്പെടെ 4200 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. താമരശ്ശേരി ചുരത്തിന്റെ വശ്യസൗന്ദര്യം ആസ്വദിച്ച് മനസ്സും ശരീരവും കുളിരണിഞ്ഞുകൊണ്ടാണ് യാത്ര ആരംഭിക്കുക.

എന്നൂർ പൈതൃകഗ്രാമം പഴശ്ശിസ്മാരകം, കാരാപ്പുഴ ഡാം, എടയ്ക്കൽ ഗുഹ, ബാണാസുര സാഗർ ഡാം, കുറുവാദ്വീപ്, എന്നിവിടങ്ങളിലൂടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിച്ച് ജംഗിൾ സഫാരിയും സുൽത്താൻബത്തേരി ബസ് സ്റ്റാൻഡിൽ എ.സി ബർത്തിലെ ഉറക്കവും വേറിട്ട അനുഭവമാകും.

താമരശ്ശേരിയുടെ രാത്രി സൗന്ദര്യം ആസ്വദിച്ച് ആറിന് ചുരമിറങ്ങും. എല്ലാദിവസവും നാടൻ ഭക്ഷണത്തിലൂടെ വയനാടൻ രുചിവൈഭവവും ആസ്വദിക്കാൻ കഴിയും. അന്വേഷണങ്ങൾക്ക്: 9496675635.

അതിർത്തി കടന്നും പോകാം

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അന്തർ സംസ്ഥാന യാത്രകൾ കൂടി ഉൾപ്പെടുത്താനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. കർണാടകയിലെ വിനോദ സഞ്ചാര മേഖലകളിലേക്ക് പ്രത്യേക സർവിസുകൾ ക്രമീകരിക്കുന്നതിനുള്ള പ്രാരംഭഘട്ട ചർച്ചകൾ പൂർത്തിയായി.

തമിഴ്നാട്ടിലേക്കും യാത്രകൾ സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. രാജ്യത്തെ മുഴുവൻ വിനോദ സഞ്ചാര മേഖലകളെയും കോർത്തിണക്കുന്ന രീതിയിൽ പ്രത്യേക പാക്കേജുകൾ നടപ്പാക്കുന്നതിന് ഐ.ആർ.സി.ടി.സിയുമായി ആദ്യഘട്ട ചർച്ചകളും പൂർത്തിയായി.

750 രൂപയിൽ തുടങ്ങും

കൊല്ലം: 750 മുതൽ വിവിധ പാക്കേജുകളാണ് നിലവിൽ ജില്ല ബജറ്റ് ടൂറിസത്തിലുള്ളത്. റോസ്മല, പാലരുവി, തെന്മല എക്കോ ടൂറിസം യാത്രക്കാണ് 750 രൂപ. പൊന്മുടിയിലേക്കുള്ള യാത്രക്ക് ഒരാൾക്ക് 770 രൂപ മാത്രമാണ് ചെലവ്. മൂന്നാർ - 1400, ഗവി, പാഞ്ചാലിമേട് - 1350, അതിരപ്പിള്ളി - മലക്കപ്പാറ - 1100, വേളാങ്കണ്ണി തീർഥയാത്ര - 2200, കൊച്ചിയിലെ കപ്പൽ യാത്ര - 3500, കായൽ യാത്ര അടങ്ങുന്ന കുമരകം പാക്കേജ് - 1450, വയനാട് യാത്ര - 4200 എന്നിങ്ങനെയാണ് വിവിധ നിരക്കുകൾ.

ജംഗിൾ സഫാരിയും താമസ സൗകര്യവും ഉൾപ്പടെ മൂന്നു പകലും രണ്ടു രാത്രിയും ഉൾപ്പെടുന്നതാണ് വയനാട് യാത്ര. ആഴ്ചയുടെ അവസാനത്തിലാണ് മിക്ക യാത്രകളും. പൊതു അവധി ദിവസങ്ങളിൽ പ്രത്യേക യാത്രകളും ആസൂത്രണം ചെയ്യുന്നുണ്ട്. 

ജനപ്രിയമായി കായൽ, കടൽ യാത്രകൾ

കുറഞ്ഞ ചെലവിൽ യാത്രക്കാരെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കൊല്ലം ഡിപ്പോയിൽ നിന്ന് കായൽ, കടൽ യാത്ര തുടങ്ങിയത്. ആലപ്പുഴ,കുമരകം ഹൗസ് ബോട്ട് യാത്രക്ക് 1450 രൂപയാണ് നിരക്ക്. കൊല്ലത്ത് നിന്ന് പുറപ്പെട്ട് തണ്ണീർ മുക്കം,മുഹമ്മ വഴി കുമരകത്തെത്തി ഹൗസ്ബോട്ട് യാത്ര.

അതിനു ശേഷം ആലപ്പുഴ ബീച്ച് സന്ദർശനം. രാത്രിയോടെ തിരികെയത്തും. ഹൗസ് ബോട്ടിലെ യാത്രയും ഭക്ഷണവും ഉൾപ്പെടെ ആകെ ചെലവാകുന്നത് 1450 രൂപ മാത്രമാണ്.

ആഡംബര കപ്പലായ നെഫർറ്റിറ്റിയിലാണ് കടൽ യാത്രക്ക് അവസരം. എ.സി ലോ ഫ്ലോർ ബസിലാണ് കൊച്ചിയിലെത്തുക. അഞ്ച് മണിക്കൂറിലായി പുറം കടലിൽ 21 നോട്ടിക്കൽ മൈൽ ദൂരത്തിൽ നെഫർറ്റിറ്റി യാത്ര. 10 വയസ്സിനു മുകളിൽ 3500 രൂപയും, അഞ്ച് മുതൽ 10 വയസ് വരെ ഉള്ളവർക്ക് 1800 രൂപയുമാണ് നിരക്ക്.

സാധാരണക്കാരുടെ സ്വപ്നം

സാമ്പത്തിക ലാഭത്തിലുപരി കുടുംബങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ദൃഢമാകാൻ ബജറ്റ് ടൂറിസംകൊണ്ട് സാധിച്ചുവെന്ന് ജില്ല കോഓഡിനേറ്റർ കെ.ജി. രാജേഷ് കുമാർ പറഞ്ഞു. വയോധികർ അടങ്ങുന്ന കുടുംബങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ വിനോദ സഞ്ചാരത്തിന് അവസരം ലഭിച്ചു.

ജനങ്ങൾക്കിടയിൽ നിന്ന് വലിയ പ്രതികരണമാണുണ്ടായത്. കൊല്ലം ഡിപ്പോയിൽ നിന്ന് മാത്രം നൂറിലധികം യാത്രകൾ നടത്താനായതും അതുകൊണ്ടാണ്. സ്കൂളുകൾക്കും കോളജുകൾക്കും അനുസൃതമായ പാക്കേജുകളുണ്ട്. 39 പേരുണ്ടെങ്കിൽ എവിടേക്കും യാത്ര ആസൂത്രണം ചെയ്യാൻ കഴിയും. ഏതു പാക്കേജും ബജറ്റിന് അനുസൃതമായിട്ടാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോൺ: 9496675635.

Tags:    
News Summary - district budget tourism cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.