പൂയപ്പള്ളി, വെളിനല്ലൂർ പ്രദേശങ്ങളിലെ അറവുമാലിന്യം തള്ളൽ; രണ്ടാഴ്ചക്കകം നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ

കൊല്ലം: പൂയപ്പള്ളി, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ അറവുമാടിന്റെ അവശിഷ്ടങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ച് ശേഷം രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. വെളിനല്ലൂർ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും പൂയപ്പള്ളി ഇൻസ്പെക്ടർക്കുമാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്.

പ്രദേശത്ത് അനധികൃത മാലിന്യംതള്ളൽ നടക്കുന്നത് ബോധ്യപ്പെട്ടതായി കമീഷൻ ഉത്തരവിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽനിന്ന് പരാതിക്ക് പരിഹാരം കണ്ടതായി മനസ്സിലാക്കാൻ കഴിയുന്നില്ല. ആത്യന്തികമായി പൊതു ജനങ്ങളുടെ ആരോഗ്യ പരിപാലനവും പരിസരവാസികൾക്ക് മാലിന്യ മുക്തമായ അന്തരീക്ഷവും പ്രദാനം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു.

നൂറോളം പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. കമീഷൻ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. പൂയപ്പള്ളി പയ്യക്കോട്ട് മാട്ടിറച്ചി വിൽക്കാൻ നജിമുദ്ദീൻ എന്നയാൾക്ക് അനുമതി നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

കമീഷനിൽ പരാതി നൽകിയ ഷിഹാബുദീനും നജിമുദീനും ചേർന്നാണ് മാട്ടിറച്ചി വ്യാപാരം നടത്തിയിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. വ്യക്തികൾ തമ്മിലുള്ള വിദ്വേഷത്തിന്റെ പേരിൽ നടപടി വൈകിപ്പിക്കരുതെന്ന് കമീഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Disposal of slaughter waste in Pooyapalli and Velinallur areas-Human Rights Commission wants action within two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.