കൊല്ലം: ഇന്ത്യയിൽ ആദ്യമായി ഒരു ജില്ലയെ സമ്പൂർണ ഭരണഘടന സാക്ഷരത ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യം പൂർത്തീകരണത്തിലേക്കെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ. 10 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരെയും ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്റെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിച്ച് ജില്ലയെ സമ്പൂർണ ഭരണഘടന സാക്ഷരത ജില്ലയാക്കി മാറ്റുന്നതിനായി ‘ദി സിറ്റിസൺ’ കാമ്പയിൻ ജില്ല ആസൂത്രണ സമിതിയും ജില്ല പഞ്ചായത്തും കിലയും ചേർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കി.
ജില്ലാതല പ്രഖ്യാപനം ശനിയാഴ്ച രാവിലെ 10 ന് കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭരണഘടന സാക്ഷരത പരിപാടിയുടെ തുടക്കം 2002 ഏപ്രിൽ 26ന് മന്ത്രി കെ.എന്‍. ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്.
ശേഷം തദ്ദേശ ഭരണ സ്ഥാപന തലങ്ങളില്‍ ഉദ്ഘാടനവും വിളംബരവും നടത്തി. നിലവില്‍ ജില്ലയില്‍ നടത്തുന്ന എല്ലാ പരിപാടികളും ഭരണഘടനയുടെ ആമുഖഗാനത്തോടെയാണ് ആരംഭിക്കുന്നത്. സർക്കാര്‍ ഓഫിസുകളില്‍ നിന്നുള്ള കത്തുകളില്‍ ഭരണഘടന സാക്ഷരതയുടെ ലോഗോ ഉൾപ്പെടുത്തി.
ഭവനങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സർക്കാർ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്തുവെക്കുകയും ഇതിനായി കില പ്രത്യേകമായി തയാറാക്കിയ ഭരണഘടന കൈപ്പുസ്തകം നൽകുകയും ചെയ്തു.
ചിതറ ഗ്രാമപഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ഭരണഘടന പുസ്തകം നൽകിയതിനുശേഷം ക്ലാസുകൾ നൽകി ഭരണഘടന സംബന്ധിച്ച പ്രത്യേക ചോദ്യാവലി തയാറാക്കി 12000 കുടുംബങ്ങളിൽനിന്ന് ആദ്യഘട്ട പരീക്ഷ നടത്തി. ആ പരീക്ഷയിൽനിന്ന് തെരഞ്ഞെടുത്ത 1000 പേരെ രണ്ടാംഘട്ട പരീക്ഷയിൽ വിജയിച്ച 100 പേർക്ക് പഞ്ചായത്ത് പുരസ്കാരങ്ങൾ നൽകി.
ഇത്തരത്തിൽ കുടുംബങ്ങളിലേക്ക് ഭരണഘടന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും ഭരണഘടന സാക്ഷരത ഉറപ്പുവരുത്താനും സാധിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ മറ്റു പഞ്ചായത്തുകളും നടപ്പാക്കി ക്കൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.