കൊല്ലം: മലബാർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ ഡീ-റിസർവ്ഡ് കോച്ചുകൾ കുറക്കാനുള്ള റെയിൽവേ നീക്കത്തിൽ പ്രതിഷേധം ശക്തം. മിക്ക ട്രെയിനുകളും ഒന്നോ രണ്ടോ കോച്ചുകൾ നിശ്ചിത ദൂരപരിധിയിൽ ഡീ റിസർവ്ഡ് കോച്ചുകളായി മാറ്റിവെച്ചിട്ടുണ്ട്. ഇവയിൽ റിസർവേഷൻ ഇല്ലാതെ കൗണ്ടറുകളിൽനിന്ന് സ്ലീപ്പർ ക്ലാസ് ടിക്കറ്റ് എടുത്തവർക്കും സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാം.
ജനറൽ കോച്ചുകളിൽ വലിയ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ നല്ലൊരുശതമാനം യാത്രക്കാർ ഡീ-റിസർവ്ഡ് കോച്ചുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഡീ-റിസർവ്ഡ് കോച്ചുകൾ രണ്ടുള്ള ട്രെയിനുകളിൽ അത് ഒന്നായി പരിമിതപ്പെടുത്താനും ഈ കോച്ചുകളിൽ കൂടി റിസർവേഷൻ അനുവദിക്കാനുമാണ് റെയിൽവേ നീക്കം.
തിരുവനന്തപുരം-മംഗലാപുരം (16629) മലബാർ എക്സ്പ്രസിൽ എസ്-ഒമ്പത്, എസ്-പത്ത് കോച്ചുകളാണ് കണ്ണൂർ മുതൽ മംഗലാപുരം വരെ ഡീ-റിസർവ്ഡായി ഉണ്ടായിരുന്നത്. ഇത് സെപ്റ്റംബർ 18 മുതൽ എസ്-ഒമ്പത് മാത്രമാക്കി. തിരുവനന്തപുരം മുതൽ കോട്ടയം വരെ എസ്-എട്ട് കോച്ചാണ് നിലവിൽ ഡീ-റിസർവ്ഡായുള്ളത്. ഇതിൽ മാറ്റമില്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
അതേസമയം, മംഗലാപുരം-തിരുവനന്തപുരം (16630) മലബാർ എക്സ്പ്രസിൽ കോട്ടയം മുതൽ തിരുവനന്തപുരം വരെ എസ്-അഞ്ച്, ആറ് കോച്ചുകൾ ഡീ-റിസർവ്ഡ് ആയിരുന്നത് സെപ്റ്റംബർ 15 മുതൽ എസ്-ആറ് മാത്രമായിരിക്കുമെന്നും മിക്ക ട്രെയിനുകളിലേയും ഡീ-റിസർവ്ഡ് കോച്ചുകളുടെ നമ്പറിലടക്കം മാറ്റം വരുത്തി ഇറക്കിയ ഉത്തരവിൽ റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
മലബാർ എക്സ്പ്രസിന് പിന്നാലെ കൂടുതൽ ട്രെയിനുകളിൽ ഡീ-റിസർവ്ഡ് കോച്ചുകൾ കുറക്കാനുള്ള ആലോചന റെയിൽവേ നടത്തുന്നുവെന്ന ആക്ഷേപം സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനടക്കമുള്ള സംഘടനകളും ഉന്നയിക്കുന്നു.
യാത്രക്കാരുടെ വലിയ തിരക്കനുഭവപ്പെടുന്ന എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം റെയിൽവേ അവഗണിക്കുകയാണ്. പുതിയ ട്രെയിനുകൾക്കായി ആവശ്യമുന്നയിക്കുന്ന ജനപ്രതിനിധികളടക്കം നിലവിലെ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിക്കമെന്ന ആവശ്യം ഗൗരവമായി കാണുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ഓണാവധിക്കാലത്തുപോലും ജനറൽ കോച്ചുകൾ ആവശ്യാനുസരണം അനുവദിച്ചില്ല. ഇതുമൂലം മറ്റ് ജില്ലകളിൽ നിന്ന് തലസ്ഥാനത്തേക്കും തിരിച്ചും വിദ്യാർഥികൾ അടക്കം നൂറുകണക്കിന് യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. തിരക്കുള്ള സാഹചര്യങ്ങളിൽ ഡിവിഷനുകൾക്ക് ആവശ്യാനുസരണം ട്രെയിനുകൾ ഓടിക്കാനും കോച്ചുകൾ വർധിപ്പിക്കാനും അനുമതിയുണ്ട്. എന്നാൽ, തിരുവനന്തപുരം ഡിവിഷനിൽ തിരക്കുള്ള അവരസരങ്ങളിലടക്കം നിലവിലെ ട്രെയിനുകളുടെ ജനറൽ കോച്ചുകൾ വർധിപ്പിക്കാറില്ല.
90 പേർക്കാണ് ജനറൽ കോച്ചിൽ യാത്രചെയ്യാൻ സൗകര്യമുള്ളത്. ഭൂരിഭാഗം ട്രെയിനുകളിലും ജനറൽ കോച്ചിൽ ഇതിന്റെ നാലും അഞ്ചും ഇരട്ടി യാത്രക്കാർ ഉണ്ടാകാറുണ്ട്. ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിൽ എത്തിയശേഷം തിരക്ക്മൂലം ജനറൽ കോച്ചുകളിൽ കയറാനാകാതെ മടങ്ങുന്നവരും കുറവല്ല. ഈ സാഹചര്യം നിലനിൽക്കെയാണ് ഡീ-റിസർവഡ് കോച്ചുകളിലും കൈെവക്കാനുള്ള റെയിൽവേ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.