കൊല്ലം: കപ്പൽ അപകടത്തിന്റെ ബാക്കിയായി കൊല്ലത്തിന്റെ തീരപ്രദേശങ്ങളിൽ ആശങ്കയേറ്റി വന്നടിഞ്ഞ കണ്ടെയ്നറുകൾ പൂർണമായി നീക്കാൻ ഏറെ സമയമെടുക്കും. വിവിധ തീരങ്ങളിലും കടൽ ഭിത്തികളോട് ചേർന്നും പരപ്പിലുമായാണ് കൊല്ലത്തിന്റെ കടൽമേഖലകളിൽ കണ്ടെയ്നറുകൾ അടിഞ്ഞത്. ദേശീയദുരന്തനിവാരണ ഏജൻസിയുടെ കണക്ക് പ്രകാരം 41 കണ്ടെയ്നറുകളാണ് കൊല്ലം തീരമേഖലയിലുള്ളത്. ഇവയിൽ ഒരെണ്ണം മാത്രമാണ് നിലവിൽ കൊല്ലം പോർട്ടിലെത്തിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിൽ, രണ്ടെണ്ണം മാത്രമാണ് കരയിലേക്ക് കയറ്റാൻ സാധിച്ചതും.
കടൽമാർഗം ബോട്ട് ഉപയോഗിച്ച് കെട്ടിവലിച്ച് കണ്ടെയ്നറുകൾ എത്തിക്കാനായിരുന്നു ആദ്യഘട്ട നീക്കം. ഇതിന്റെ ഭാഗമായാണ് മത്സ്യബന്ധന ബോട്ടിന്റെ സഹായത്തിൽ തിങ്കളാഴ്ച രാത്രി ഒരു കണ്ടെയ്നർ പോർട്ട് വരെ കടലിലൂടെ എത്തിച്ചത്. എന്നാൽ, ബാക്കിയുള്ളവയിൽ ഭൂരിഭാഗവും ഈ രീതിയിൽ എത്തിക്കാൻ പ്രയാസമാണ്.
കനത്ത മഴ തുടരുന്നതും കടൽ പ്രക്ഷുബ്ധമായി ഭീമൻ തിരമാലകൾ വീശി അടിക്കുന്നതും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇത് കൂടാതെയാണ് കണ്ടെയ്നറുകൾ സ്ഥിതി ചെയ്യുന്ന കടൽ മേഖലയുടെ അപകട സ്ഥിതി. തിരുമുല്ലവാരം പോലെ, പാറകളുള്ള കടൽ മേഖലകളിലൂടെ ടഗ് ബോട്ടുകൾ ഉപയോഗിച്ച് കണ്ടെയ്നറുകൾ നീക്കുന്നത് കൂടുതൽ അപകടം ചെയ്യും. പലയിടത്തും കണ്ടെയ്നറുകൾ കുടുങ്ങിക്കിടക്കുകയാണ്. അവിടങ്ങളിൽനിന്ന് കരയിലുള്ള ക്രെയിനുകൾ ഉപയോഗിച്ച് വലിച്ച് പൊക്കിയെടുക്കാനാണ് ശ്രമം.
വലിയ ക്രെയിനുകൾ എത്തിക്കാൻ കഴിയാത്തയിടങ്ങളാണ് പലതും. പൊക്കിയെടുക്കാൻ കഴിയാത്തവ പലഭാഗങ്ങളിലാക്കി കരയിൽ എത്തിക്കുകയായിരിക്കും ചെയ്യുന്നത്. കരയിൽ കയറ്റുന്നവ വാഹനത്തിൽ കൊല്ലം പോർട്ടിൽ എത്തിക്കാനും മുറിച്ചുമാറ്റേണ്ടിവരും. ഇതിനായി കൂടുതൽ മികച്ച സാങ്കേതിക ഉപകരണങ്ങളും എത്തിക്കേണ്ടതുണ്ട്.
കൃത്യമായ പദ്ധതി ആവിഷ്കരിച്ചായിരിക്കും തുടർന്നുള്ള ദിവസങ്ങളിൽ കണ്ടെയ്നറുകൾ നീക്കുന്നത്. കണ്ടെയ്നറുകൾ കിടക്കുന്ന മേഖലയുടെ ഭൗതിക സാഹചര്യങ്ങൾ, അപകടസാധ്യതകൾ, സാങ്കേതിക സാഹചര്യങ്ങൾ ഉൾപ്പെടെ ഇതിനായി വിദഗ്ധ സംഘങ്ങൾ വിലയിരുത്തണം. ഈ സാഹചര്യത്തിലാണ് സമയം കൂടുതൽ വേണമെന്ന് കരാർ എടുത്ത സാൽവേജ് ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗമായ ടി ആൻഡ് ടി സാൽവേജ് അധികൃതർ വ്യക്തമാക്കിയത്.
ഒമ്പത് കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞ ശക്തികുളങ്ങരയിൽ രണ്ട് കണ്ടെയ്നറുകൾ കരയിലേക്ക് കയറ്റി. എയർകണ്ടീഷൻഡ് കണ്ടെയ്നറുകളായ റീഫർ കണ്ടെയ്നറുകളാണ് ശക്തികുളങ്ങര ജോൺ ബ്രിട്ടോ ചർച്ചിന് സമീപത്തെ കടൽതീരത്ത് അടിഞ്ഞത്. ഭക്ഷണസാധനങ്ങളും ചൂട് ഏൽക്കാൻ പാടില്ലാത്ത കെമിക്കലുകളും ഉൾപ്പെടെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവയാണ് റീഫർ.
മൂന്നെണ്ണം വീതം പരസ്പരം ബന്ധിപ്പിച്ച നിലയിലുള്ള ഒരെണ്ണവും രണ്ടെണ്ണം ബന്ധിപ്പിച്ച രണ്ട് കണ്ടെയ്നറും ഒരു സിംഗിൾ കണ്ടെയ്നറുമാണ് ശക്തികുളങ്ങരയിൽ ചർച്ചിന് സമീപത്തായി ഉള്ളത്. തീരത്തോട് ചേർന്ന് കിടന്ന രണ്ടെണ്ണം ബന്ധിച്ച നിലയിലുള്ള കണ്ടെയ്നർ ആണ് ആദ്യം നീക്കിയത്.
ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് വാട്ടർലൈൻ കമ്പനി വാടകക്ക് എടുത്ത ക്രെയിൻ കണ്ടെയ്നർ നീക്കാൻ ആദ്യം എത്തിയത്. ഒരു ക്രെയിൻ മതിയാകില്ലെന്ന് വന്നതോടെ ഒരെണ്ണം കൂടി എത്തിച്ചു. ഈ രണ്ട് ക്രെയിനുകളുടെ സഹായത്തിൽ സാവധാനം നടത്തിയ പ്രവർത്തിക്കൊടുവിൽ ഉച്ചക്ക് മൂന്നോടെയാണ് മീറ്ററുകൾ മാത്രം അകലേക്ക് ഇവ കയറ്റിവക്കാനായത്. തുടർന്ന് വൈകീട്ട് ഒരെണ്ണം കൂടി കരക്ക് കയറ്റി.
കാലിയായ ഈ കണ്ടെയ്നറുകൾ കൊല്ലം പോർട്ടിൽ എത്തിക്കണമെങ്കിൽ പലഭാഗങ്ങൾ ആക്കേണ്ടിവരും. വലിപ്പമുള്ള കണ്ടെയ്നർ കയറ്റുന്ന ലോറിക്ക് എത്താൻ കഴിയാത്ത സ്ഥലത്താണ് ബീച്ചിൽ ഇവയുള്ളത്. മേഖലയിൽ കടലിൽ ഇനി ബാക്കിയുള്ള കണ്ടെയ്നറുകൾ എടുക്കുന്നതും കടുപ്പമേറിയ പണിയാണ്. കസ്റ്റംസ്, എൻ.ഡി.ആർ.എഫ്, റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കണ്ടെയ്നറുകൾ നീക്കുന്നത്. മത്സ്യതൊഴിലാളികളും ആവശ്യമായ സഹായങ്ങൾ നൽകി.
കൃത്യമായ കാര്യ പദ്ധതി തയ്യാറാക്കി ജനങ്ങൾക്കും തീരപരിസ്ഥിതിക്കും കോട്ടം തട്ടാതെ കണ്ടെയ്നറുകൾ മാറ്റണമെന്നും ആവശ്യമെങ്കിൽ കൂടുതൽ തൊഴിലാളികളെ നിയോഗിക്കണമെന്നും കലക്ടർ എൻ. ദേവിദാസ് കണ്ടെയ്നർ നീക്കുന്ന കമ്പനികൾക്ക് നിർദേശംനൽകി. ഓരോ സ്ഥലത്തും നിയോഗിക്കുന്ന സംഘങ്ങളുടെ വിവരങ്ങൾ കൈമാറുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും വേണം.
അവലോക യോഗത്തിൽ കൂടുതൽ സമയം വേണമെന്ന് സൽവേജ് ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗം ടി ആൻഡ് ടി സൽവേജ് പ്രവർത്തകരും കണ്ടെയ്നർ മാറ്റാൻ ചുമതപെടുത്തിയ വാട്ടർലൈൻ ഷിപ്പിങ്ങിന്റെ ഉദ്യോഗസ്ഥരുമാണ് ആവശ്യമുന്നയിച്ചതോടെ ആണ് കലക്ടർ നിർദേശം നൽകിയത്.
ശക്തികുളങ്ങരയിലെ ഒമ്പത് കണ്ടെയ്നറുകളിൽ രണ്ടെണ്ണം കരയിൽ അടുപ്പിച്ചെന്നും കൊല്ലം ബീച്ചിലെ കണ്ടെയ്നറുകൾ മാറ്റുന്ന പ്രവർത്തി നടക്കുകയാണെന്നും കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ നിഷാന്ത് സിഹാര, എ.ഡി.എം ജി. നിർമൽ കുമാർ, ടി ആൻഡ് ടി സാൽവേജ് കമ്പനി, വാട്ടർലൈൻ ഷിപ്പിങ് എന്നിവരുടെ സാങ്കേതിക പ്രവർത്തകർ, എൻ. ഡി.ആർ.എഫ്, കൊല്ലം പോർട്ട്, മറ്റു ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.