പത്തനാപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പുന്നലയിലേക്ക് ഒരുമാസത്തിലേറെയായി നിർത്തിവെച്ചിരുന്ന ബസ് സർവീസ് ചൊവ്വാഴ്ച മുതൽ പുന:രാരംഭിക്കുമെന്ന് എ.ടി.ഒ അറിയിച്ചു. പുന്നല റൂട്ടിൽ ബസ് സർവീസ് നിലച്ചിട്ട് ഒരുമാസമെന്ന തലക്കെട്ടോടെ ഈമാസം എട്ടിന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജർമൻ സാങ്കേതികവിദ്യയിൽ റോഡ് പണി തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും കലുങ്ക് നിർമാണം പൂർത്തിയാക്കാൻ കഴിയാത്തത് പത്തനാപുരം -പുന്നല റോഡിലൂടെയുള്ള യാത്ര വലിയതോതിൽ വെല്ലുവിളിയായിരുന്നു. നിർമാണത്തിലിരുന്ന കലുങ്കുകൾ ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്നാണ് ഇതുവഴിയുള്ള ബസ് സർവിസുകൾ നിർത്തിവെച്ചത്. ഇതേതുടർന്ന് സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ച് വരികയായിരുന്നു.
കലുങ്ക് നിർമാണം ഭാഗികമായി മാത്രമേ പൂർത്തിയായിട്ടുമുള്ളു. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് പുനരാരംഭിക്കുന്നതോടെ സ്വകാര്യ ബസുകളും സർവിസ് നടത്തിത്തുടങ്ങും. ഇത് നാട്ടുകാരുടെ യാത്രദുരിതത്തിന് അറുതി വരുത്തുമെങ്കിലും നടുവൊടിയാതെ നാട്ടുകാർക്ക് യാത്ര ചെയ്യാനാകില്ല. പുന്നല ജങ്ഷൻ ഉൾപ്പെടെയുള്ള ഭാഗത്ത് ഇപ്പോഴും കലുങ്ക് നിർമാണം നടക്കുകയാണ്. റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി ഇടപെടണമെന്ന് കോൺഗ്രസ് പുന്നല മണ്ഡലം പ്രസിഡന്റ് പി.എം.ബി. ഹുനൈസ് സാഹിബ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് മന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.