കൈക്കൂലി കേസിൽ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് അഞ്ചു വർഷം തടവ്

കൊല്ലം: കൈക്കൂലി കേസിൽ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് അഞ്ചു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കുന്നത്തൂർ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാറായിരുന്ന കരുനാഗപ്പള്ളി, വടക്കുംതല വേലൻപറമ്പിൽ വീട്ടിൽ (രാജ് ഭവൻ) ബാബു (63)വിനെയാണ് കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്. മൈനാഗപ്പള്ളി സ്വദേശിയുടെ കൈയ്യിൽനിന്നും 3000 രൂപ കൈക്കൂലി വാങ്ങി അനധികൃതമായി ചെങ്കല്ല് വെട്ടാൻ ഒത്താശ ചെയ്തുവെന്നതുൾപ്പെടെയാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. കൈക്കൂലിയുടെ അടുത്ത ഗഡു നൽകാത്തതിന് പരാതിക്കാരന്റെ സുഹൃത്തിന്റെ ഭാര്യയുടെ വക മൈനാഗപ്പള്ളിയിലുള്ള വസ്തുവിലെ കല്ല് വെട്ട് യന്ത്രം പിടിച്ചെടുത്ത് താലൂക്ക് ഓഫിസിൽ സൂക്ഷിക്കുകയും അത് വിട്ടുകൊടുക്കുന്നതിന് മൈനിങ് ആൻഡ് ജിയോളജിക്കൽ വകുപ്പിന് റിപ്പോർട്ട് കൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു.

ജിയോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ ഫൈൻ അടച്ചശേഷം കല്ല് വെട്ട് യന്ത്രം വിട്ടുനൽകുന്നതിന് പിന്നെയും 5000 രൂപ വാങ്ങിയപ്പോഴാണ് കൊല്ലം വിജിലൻസ് യൂനിറ്റ് പിടികൂടിയത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. വിജിലൻസ് കോടതി ജഡ്‌ജ് ഡോ. സി.എസ്. മോഹിത് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.എസ്. ദിവ്യ, സിജു രാജൻ എന്നിവർ ഹാജരായി. കൊല്ലം വിജിലൻസ് യൂനിറ്റിലെ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റെക്സ് ബോബി അരവിൻ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ഡിവൈ.എസ്.പിമാരായ ആർ. ജയശങ്കർ, കെ. അശോക് കുമാർ എന്നിവരാണ് അന്വേഷണം കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - Bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.