പത്ത് കിലോ കഞ്ചാവുമായി പുനലൂർ റെയിൽവേ പൊലീസ് പിടികൂടിയ പ്രതി
പുനലൂർ: ട്രെയിനിൽ കടത്തിയ പത്ത് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ പുനലൂർ റെയിൽവേ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി മോത്തി ഷെയ്ഖ്(45 )ആണ് പിടിയിലായത്. സംസ്ഥാന റെയിൽവേ പൊലീസ് മേധാവി അരുൾ ബി. കൃഷ്ണക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം ട്രെയിനുകളിൽ എറണാകുളം റെയിൽവേ ഡി.വൈ.എസ്.പി യുടെ മേൽനോട്ടത്തിൽ ആർ.പി.എഫുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി വരികയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഏഴോടെ പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തി പരിശോധന നടത്തവെ ഒരാൾ ബാഗുമായി ഓവർ ബ്രിഡ്ജന്റെ മുകളിൽ നില്കുന്നത് ശ്രദ്ധയിൽ പെട്ടു. പൊലീസിനെ കണ്ട് ഇയാൾ വേഗത്തിൽ നടന്നു രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ പുതിയ ലിഫ്റ്റിന്റെ പണി നടക്കുന്ന സ്ഥലത്ത് എത്തി. പിന്തുടർന്ന പൊലീസ് സംഘം ഇയാളെ തടഞ്ഞു നിർത്തി ബാഗിൽ പരിശോധന നടത്തവെയാണ് ഒമ്പത് പൊതികളിലായി പത്ത് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.
ഇയാളെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്നു കൂടുതൽ ചോദ്യം ചെയ്യവേ ഝാർഖണ്ഡിൽ നിന്നു കേരളത്തിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പറഞ്ഞു. പുനലൂർ റെയിൽവേ പൊലീസ് എസ്.എച്ച്. ഒ ജി ശ്രീകുമാർ, എസ്.ഐ എം.എസ് ശ്രീകുമാർ, സി.പി.ഒമാരായ വിനോദ്, മനു, പ്രേംകുമാർ, രതീഷ്, ബിജു രാജൻ, അരുൺ മോഹൻ, അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.