അഞ്ചാലുംമൂട്: കൊല്ലം ബൈപാസിലെ ടോൾ ബൂത്തിലെത്തിയ യുവാവിനെയും സഹോദരിയെയും ജീവനക്കാർ ആക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി 8.45നാണ് സംഭവം.
ഫാസ്റ്റാഗുള്ള വാഹനങ്ങൾ വളരെ അധികം സമയമെടുക്കുന്നെന്നും 10 വാഹനങ്ങളിൽ കൂടുതലുണ്ടെങ്കിൽ ടോൾ പിരിക്കാതെ കടത്തിവിടണമെന്നുമുള്ള ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടിയതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.
മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘമാണ് മർദിച്ചതെന്നാണ് പരാതി. സംഭവസ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ തഴവ പുലിയൂർ വഞ്ചി വടക്ക് ബേക്കറി ജങ്ഷന് സമീപം റഹ്മാനിയ കോട്ടജിൽ ഫാസിൽ റഹ്മാൻ ആണ് അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയത്.
അതേസമയം ടോൾ പ്ലാസ ജീവനക്കാരിയെ അസഭ്യം പറയുകയും കൈയിൽ കയറി പിടിച്ചതിനെയും തുടർന്നാണ് അക്രമം ഉണ്ടായതെന്നാണ് ജീവനക്കാർ പറയുന്നത്. ടോൾ പ്ലാസ ജീവനക്കാരും പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സ്ഥലത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സി.ഐ ദേവരാജൻ പറഞ്ഞു. ടോൾ ബൂത്തിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കം പതിവായിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.