കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രക്കടവില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട വയോധികയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. അമ്പലക്കാട് വള്ളക്കടവില്‍ വീട്ടില്‍ രാധമ്മയുടെ സഹോദരി ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ സതിയമ്മ (57) ആണ് ഒഴുക്കില്‍പെട്ടത്. സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സതിയമ്മ രാധമ്മയോടൊപ്പം കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ പുഴയില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍പെടുകയായിരുന്നു. നീരൊഴുക്ക് വർധിച്ച കുളത്തൂപ്പുഴയാറില്‍ ഒഴുക്ക് ശക്തമായിരുന്നു.
സഹോദരി അപകടത്തില്‍പെട്ടത് കണ്ട രാധമ്മയുടെ നിലവിളി ശ്രദ്ധയില്‍പെട്ട് സമീപത്തുണ്ടായിരുന്ന യുവാക്കള്‍ പുഴക്കരയിലൂടെ ഓടിയെത്തി. ഒഴുക്കില്‍പെട്ട് നീങ്ങുകയായിരുന്ന സതിയമ്മയുടെ അടുക്കലേക്ക് നീന്തിയെത്തി കയറിട്ടുനല്‍കി പിടിച്ചുനിര്‍ത്തുകയും ശേഷം കരയില്‍നിന്ന് വടമെത്തിച്ച് സുരക്ഷിതയായി കരക്കെത്തിക്കുകയുമായിരുന്നു. ഉടന്‍ തന്നെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്കെത്തിച്ചു. കാലിലും കൈയിലുമേറ്റ പരിക്കുകള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. അപകടം നേരിട്ടുകണ്ടതിനെ തുടര്‍ന്നുണ്ടായ മാനസികസമ്മര്‍ദം നിമിത്തം അവശയായ രാധമ്മയെ വിദഗ്ധ ചികിത്സക്കായി പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ശിവന്‍, ശംഭു, ബിജു, അരുണ്‍ തുടങ്ങിയ യുവാക്കളാണ് കുത്തിയൊഴുകുന്ന പുഴയില്‍ ചാടി സതിയമ്മയെ രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.