കൊല്ലം ജോനകപുറം ഹാർബറിലെ മത്സ്യത്തൊഴിലാളി അശോക് കുമാറിന് കടലിൽനിന്ന് ലഭിച്ച തിമിംഗല ഛർദി
കൊല്ലം: കടലിൽനിന്ന് ലഭിച്ച ‘തിമിംഗല ഛർദി’ (ആംബർഗ്രിസ്) മത്സ്യത്തൊഴിലാളികൾ വനംവകുപ്പിന് കൈമാറി. കൊല്ലം നീണ്ടകര ജോനകപുറം നിവാസി അശോക് കുമാറിന് കഴിഞ്ഞ ദിവസം ഉൾകടലിൽനിന്ന് ലഭിച്ച 5.160 കിലോഗ്രാം തിമിംഗല ഛർദിയാണ് കൊല്ലം കോസ്റ്റൽ ഗാർഡ് വഴി വനംവകുപ്പിന് കൈമാറിയത്.
പ്രാഥമിക പരിശോധനയിൽ ആംബർഗ്രിസ് തന്നെയാണന്ന് ബോധ്യപ്പെട്ടെന്നും രാസപരിശോധനക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി അധികൃതർക്ക് കൈമാറിയെന്നും വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എസ്. സനിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
വില സംബന്ധിച്ച് പറയാൻ കഴിയില്ലെന്നും നിലവിൽ പരിശോധനക്കുശേഷം കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ടാണ് അശോക് കുമാറും നാലംഗ സംഘവും മത്സ്യബന്ധനത്തിന് പോയത്.
സന്ധ്യയോടെ ആഴകടലിൽ എത്തിയപ്പോഴാണ് കട്ടകൾ പൊങ്ങിവന്നത്. തുടർന്ന് ഇവ കരയിലേത്തിക്കുകയും ശേഷം കോസ്റ്റൽ ഗാർഡിനെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്തു. അവർ അറിയിച്ച പ്രകാരം വനംവകുപ്പ് അധികൃതർ എത്തുകയുമായിരുന്നു. അധികൃതരെ അറിയിക്കാതെ ആർക്കെങ്കിലും കൈമാറിയാൽ വലിയ വില ലഭിക്കുമെന്ന് പലരും പറഞ്ഞെങ്കിലും അതിന് തയാറാകാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അശോക് കുമാർ പറഞ്ഞു.
ഇത് ശേഖരിക്കുന്നതും വിൽക്കുന്നതും ഇന്ത്യയിൽ നിരോധനമുണ്ട്. തമിഴ്നാട് സ്വദേശിയായ അശോക് കുമാർ കഴിഞ്ഞ 18 വർഷമായി ജോനക പുറത്താണ് താമസം. ഡേവിൽസ്, തമിഴ് മണി, രാജ, മുനിയാണ്ടി എന്നിവരും അശോക് കുമാറിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.