മൂന്ന്​ കോടിയുടെ 6.410 കിലോ സ്വർണാഭരണങ്ങൾ പിടികൂടി

കൊല്ലം: ജി.എസ്​.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ തൃശൂരിൽനിന്ന്​ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിൽപനക്കായി കൊണ്ടുവന്ന മൂന്നുകോടി രൂപ വിലവരുന്ന 6.410 കിലോ സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജി.എസ്​.ടി മൊബൈൽ സ്ക്വാഡ്​ പിടികൂടി. പിഴയിനത്തിൽ 18.75 ലക്ഷം രൂപ ഈടാക്കി സ്വർണാഭരണങ്ങൾ ഉടമക്ക്​ വിട്ടുനൽകി. കഴിഞ്ഞ സാമ്പത്തികവർഷം കരുനാഗപ്പള്ളി ജി.എസ്​.ടി സ്ക്വാഡ്​ 24 ​കേസുകളിലായി 11 കോടി വിലവരുന്ന 22 കിലോ സ്വർണാഭരണങ്ങളും ഉരുക്കിയ സ്വർണവുമാണ്​ പിടികൂടിയത്​. നികുതി, പിഴ എന്നീ ഇനങ്ങളിലായി 1.05 കോടി രൂപ ഈടാക്കി. 2020-21 സാമ്പത്തികവർഷം 41 കേസുകളിലായി 15.33 കോടി വിലവരുന്ന 32 കിലോ സ്വർണാഭരണങ്ങളാണ്​ പിടികൂടിയത്​. ഒരു കോടി 25 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി. പിഴയും ഫൈനും അടയ്​ക്കാത്തതിനാൽ ജി.എസ്​.ടി നിയമപ്രകാരം നാല്​ കിലോ സ്വർണാഭരണങ്ങളും അവ കടത്താനു​പയോഗിച്ച രണ്ട്​ കാറുകളും സർക്കാറി​ലേക്ക്​ കണ്ടുകെട്ടുകയും ചെയ്തു. അസിസ്റ്റന്‍റ്​ കമീഷണർ (ഇന്‍റലിജന്‍റ്​സ്​) എസ്​. രാജീവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ്​ ഇവ പിടികൂടിയത്​. പരിശോധനകളിൽ അസിസ്റ്റന്‍റ്​ സ്​റ്റേറ്റ്​ ടാക്സ്​ ഓഫിസർമാരായ ബി. രാജേഷ്​, എസ്​. രാജേഷ്​കുമാർ, ബി. രാജീവ്​, ടി. രതീഷ്​, ഇ.ആർ. സോനാജി, ഷൈല, പി. ശ്രീകുമാർ എന്നിവരും പ​ങ്കെടുത്തു. കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്​, കൊല്ലം, ഭരണിക്കാവ്​, കുണ്ടറ, അടൂർ എന്നിവിടങ്ങളിൽ നടത്തിയ വാഹന പരിശോധനക്കിടയിലും കൊല്ലം, കരുനാഗപ്പള്ളി, കായംകുളം റെയിൽവേ സ്​റ്റേഷനുകളിലും നടത്തിയ നിരീക്ഷണത്തിലുമാണ്​ ഇത്രയും സ്വർണാഭരണങ്ങൾ പിടികൂടിയത്​. ജി.എസ്​.ടി എൻഫോഴ്​സ്​മെന്‍റ്​ ജോയന്‍റ്​ കമീഷണർ കെ. സുരേഷ്​, ഇന്‍റലിജന്‍റ്​ ജോയന്‍റ്​ കമീഷണർ കിരൺലാൽ, കൊല്ലം ഡെപ്യൂട്ടി കമീഷണർ (ഇന്‍റലിജന്‍റ്​സ്​) എച്ച്​. ഇർഷാദ്​ എന്നിവരുടെ നിർദേശപ്രകാരമാണ്​ വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.