വാഹനാപകടത്തിൽ തകർന്ന കാർ
അഞ്ചൽ: എം.സി റോഡിൽ ആയൂരിന് സമീപം വയയ്ക്കൽ വഞ്ചിപ്പെട്ടി ജങ്ഷന് സമീപം കെ.എസ്.ആർ.ടി.സി ഓർഡിനറി ബസും എതിരെവന്ന കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുവാഹനങ്ങളിലേയും യാത്രികരായ 10 പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ കാർയാത്രികരായ തിരുവനന്തപുരം സ്വദേശികളായ ഔസേപ് ( 55), ഭാര്യ മിനി ഔസേപ് (53), മകൻ അമൽ (24) എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രികരായ ആയൂർ ശ്രീവിലാസത്തിൽ കവിത (15), പാലക്കാട് നെല്ലിയാമ്പതി സ്വദേശി ബിജു ചാക്കോ (39), ആയൂർ കൃഷ്‌ണ വിലാസത്തിൽ തങ്കമണി (54), തിരുവനന്തപുരം പ്ലാവിളവീട്ടിൽ അനിവേദ് (21), വയയ്ക്കൽ ബിജിന മൻസിലിൽ താഹ (62), കടയ്ക്കൽ വെള്ളാർവട്ടം ലക്ഷ്മി ഭവനിൽ സീന (47), വാളകം കോഴിക്കോട് വീട്ടിൽ സോനു (21) എന്നിവർക്കാണ് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ ഇവരെ വാളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
തിങ്കളാഴ്ച രാവിലെ പത്തരയോടെ കമ്പങ്കോട് പെട്രോൾ പമ്പിനും വയയ്ക്കൽ വഞ്ചിപ്പെട്ടി ജങ്ഷനും ഇടക്കാണ് അപകടം നടന്നത്. ബസ് ആയൂരിൽനിന്ന് കൊട്ടാരക്കരയിലേക്കും കാർ എതിർദിശയിലും വരികയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നനിലയിലാണ്. ഹൈവേ പൊലീസും വാളകം എയ്ഡ് സ്റ്റേഷനിലെ പൊലീസുകാരുമെത്തി നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.