ശ്രീനന്ദന്‍റെ ജീവരക്ഷക്കായി രക്തമൂലകോശ ദാന ക്യാമ്പ് 12ന്

പുനലൂർ: മജ്ജ സംബന്ധമായ അപൂർവ അർബുദം ബാധിച്ച ഏഴു വയസ്സുകാരന്‍റെ ജീവൻ നിലനിർത്താനുള്ള രക്തമൂലകോശത്തിനായുള്ള ദാതാവിനെ കണ്ടെത്തുന്നതിന് രജിസ്ട്രേഷൻ ക്യാമ്പ് 12 ന് പുനലൂരിൽ നടക്കും. ചെമ്മന്തൂർ പ്രൈവറ്റ് ബസ്​ സ്റ്റാൻഡിലെ സാംസ്കാരിക നിലയം ഹാളിൽ ചങ്ങായീസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. അഞ്ചൽ സ്വദേശി രഞ്ജിത്- ആശ ദമ്പതികളുടെ മകൻ ശ്രീനന്ദനാണ് അപൂർവ രോഗത്താൽ ബുദ്ധിമുട്ടുന്നത്. രക്തമൂലകോശം മാറ്റിവെച്ചു മാത്രമേ ജീവൻ നിലനിർത്താൻ കഴിയുകയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചതായി സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. 18 മുതൽ 50 വയസ്സ്​ വരെ ആരോഗ്യമുള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രിയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. അണുമുക്തമായ പഞ്ഞി ഉപയോഗിച്ച് ഉൾകവിളിൽനിന്ന്​ സാമ്പിൾ ശേഖരിച്ചാണ് ദാതാവിനെ കണ്ടെത്തുന്നത്. വിശദമായ ആരോഗ്യ പരിശോധനക്കുശേഷം ദാതാവിന്‍റെ സുരക്ഷ ഉറപ്പാക്കി രക്തത്തിലൂടെ മൂലകോശങ്ങൾ വേർതിരിച്ചാണ് മറ്റൊരാൾക്കായി ശേഖരിക്കുന്നത്. ദാതാവിന്​ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും ഇവർ പറഞ്ഞു. ക്യാമ്പിലൂടെ ഇതേ രോഗത്തിമുള്ള മറ്റ് പലർക്കും ദാതാവിനെ കണ്ടെത്താനാകുമെന്ന സാധ്യതയുമുണ്ടെന്ന്​ മുൻ നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ, കലയനാട് വാർഡ് കൗൺസിലർ ഷാജിത സുധീർ, ശ്രീനന്ദന്‍റെ പിതാവ് രഞ്ജിത്ത്, ചങ്ങായിസ് ഭാരവാഹികൾ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 7824833367,9496855100, 9947250277.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.