വൈദ്യുതി തൂൺ വീണ് ഓട്ടോ തകർന്നു

അഞ്ചൽ: ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളിലേക്ക് 11 കെ.വി ലൈൻ പോസ്റ്റ് ഒടിഞ്ഞുവീണു; ഓട്ടോറിക്ഷ തകർന്നു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ അദ്​ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ഉച്ചക്ക്​ ഒന്നരയോടെ ചെങ്ങമനാട്-കടയ്ക്കൽ പാതയിൽ പൊടിയാട്ടുവിള തണ്ണിച്ചാൽ ജംഗ്ഷന് സമീപമാണ് അപകടം. ഓട്ടോ ഡ്രൈവർ തടിക്കാട് സ്വദേശി നിസാർ (30), യാത്രികരായ കുളത്തൂപ്പുഴ സ്വദേശികൾ ലൈലബീവി (46), അസുമ ബീവി (85), മുഹമ്മദ് നഹാൻ (3) എന്നിവരെ നിസ്സാര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ ഉയർന്ന ഭാഗത്തുനിന്ന ആഞ്ഞിലിമരം കടപുഴകി വൈദ്യുതി കമ്പികളിൽ പതിച്ചതിനെതുടർന്ന് മൂന്ന് തൂണുകൾ റോഡിലേക്ക് മറിയുകയായിരുന്നു. ഇതിലൊരു തൂണാണ് ഓട്ടോക്ക് മുകളിലേക്ക് പതിച്ചത്. ഉടൻ വൈദ്യുതിബന്ധം നിലച്ചതിനാൽ വൻ അപകടം ഒഴിവായി. അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ നിന്നും തലച്ചിറയിലേക്ക് ഓട്ടം പോയതാണ് ഓട്ടോറിക്ഷ. വിവരമറിഞ്ഞയുടൻ വാളകത്തുനിന്ന്​ വൈദ്യുതി വകുപ്പധികൃതരെത്തി ഒടിഞ്ഞ തൂണുകൾ മാറ്റി രാത്രിയോടെ വൈദ്യുതി ബന്ധവും ഗതാഗതവും പുനഃസ്ഥാപിച്ചു. ചിത്രം: പൊടിയാട്ടുവിളയിൽ ഒാട്ടോക്ക് മുകളിലേക്ക് വൈദ്യുതി തൂൺ ഒടിഞ്ഞുവീണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.