കൊല്ലം: ജില്ലയിലെ വോട്ടർപട്ടിക പുതുക്കലിന്റെ (എസ്.ഐ.ആർ) നടപടി അന്തിമഘട്ടത്തിലേക്ക്. ജില്ലയിൽ ആകെ 21,44,527 വോട്ടർമാരാണുള്ളത്. എല്ലാവർക്കും ഇലക്ടറൽ ഫോം (ഇ.എഫ്) വിതരണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇതിൽ 19,77,062 ഇലക്ടറൽ ഫോമുകൾ ഡിജിറ്റൈസ് ചെയ്തു. 1,67,465 ഫോമുകൾ ശേഖരിക്കപ്പെടാതെ ‘അൺകലക്ടഡ്’ വിഭാഗത്തിലുണ്ട്. സ്ഥിരതാമസം മാറിയത്, മരണം, ഇതിനകം എൻറോൾ ചെയ്തിരുന്നത്, അഭാവം തുടങ്ങിയ കാരണങ്ങളാണ് ഇതിന് പിന്നിൽ. വോട്ടർ പട്ടികയിലെ ആവർത്തനങ്ങൾ, 85 വയസിന് മുകളിലുള്ള വോട്ടർമാർ എന്നിവ ബി.എൽ.ഒമാർ മുഖേന വീണ്ടും പരിശോധിക്കും. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ, ബൂത്ത് ലെവൽ ഏജന്റുമാർ ബി.എൽ.ഒമാരുടെയും ബന്ധപ്പെട്ട ഇ.ആർ.ഒമാരുടെയും ശ്രദ്ധയിൽപ്പെടുത്തണം.
തുടർന്ന് 23ന്, ബി.എൽ.ഒമാർ നേരിട്ടും ഓൺലൈനായും അംഗീകാരം നൽകിയ വോട്ടർമാരെ ഉൾപ്പെടുത്തി ബൂത്ത് തിരിച്ചുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ സ്വന്തം പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓരോ വോട്ടറും വ്യക്തിപരമായി ഉറപ്പുവരുത്തണം. ബൂത്തുകളുടെ പുനഃക്രമീകരണം മൂലം നിലവിലുള്ള ബൂത്തിലെ പട്ടികയിൽ പേര് കാണുന്നില്ലെങ്കിൽ, മറ്റേതെങ്കിലും ബൂത്തിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കണം.
കരട് പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പുതിയ വോട്ടറെ ചേർക്കുന്നതിനായി ഫോം-6 സമർപ്പിക്കാം. പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ ഫോം-6എ പൂരിപ്പിച്ചാൽ മതി. കരട് വോട്ടർ പട്ടികയെ അടിസ്ഥാനമാക്കിയുള്ള പരാതികളും ആക്ഷേപങ്ങളും 2026 ജനുവരി 22 വരെ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സമർപ്പിക്കാം. കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും 2002ലെ പട്ടികയുമായി മാപ്പിംഗ് നടത്താൻ കഴിയാത്തവർക്കു തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകും.
തുടർന്ന് 2026 ഫെബ്രുവരി 14ന് മുമ്പ് ഹിയറിംഗ് നടത്തി രേഖകൾ പരിശോധിച്ച ശേഷം ഇ.ആർ.ഒ അന്തിമ തീരുമാനം എടുക്കും.വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളും പരാതികളും ആക്ഷേപങ്ങളും പരിശോധിച്ച്, അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. നിലവിൽ ജില്ലയിൽ 2,00,490 വോട്ടർമാരെയാണ് മാപ്പിംഗ് ചെയ്യാൻ സാധിക്കാത്തത്. മാപ്പിംഗിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ജില്ലയിൽ 1,200 അധികം വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷനുകളാണ് പുനക്രമീകരിച്ചത്. 11 നിയോജക മണ്ഡലങ്ങളിലായി പുതുതായി 300 പോളിങ് സ്റ്റേഷനുകൾ ജില്ലയിൽ ക്രമീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.