പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്

തിരുവനന്തപുരം: നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് 2025 ഡിസംബര്‍ 30ന് കൊല്ലത്ത്. പോളയത്തോടുള്ള കൊല്ലം കോർപ്പറേഷന്റെ ഷോപ്പിംഗ് കോംപ്ലക്സിലെ നോർക്ക ഓഫിസിൽ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തില്‍ കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അര്‍ഹരായര്‍ക്ക് പങ്കെടുക്കാം.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ഡിസംബര്‍ 27 ന് മുൻപായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-8281004902, +91-8281004903 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.

മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.

അപേക്ഷ നല്‍കുന്നതിന് എല്ലാ പാസ്പോർട്ടുകളും, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. ഇവ കൂടാതെ ഓരോ പദ്ധതിക്കും പ്രത്യേകം രേഖകളും ആവശ്യമാണ്.

ചികിത്സാസഹായത്തിന് പൊതു രേഖകൾക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറിയും മെഡിക്കൽ ബില്ലുകളും മരണാനന്തര ധനസഹായത്തിന് ഡെത്ത് സർട്ടിഫിക്കറ്റ്, പുനഃർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതാണ്.

മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ ലീഗൽ ഹയർ ഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സമയത്ത് പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ല.

വിവാഹ ധനസഹായത്തിന് പൊതു രേഖകള്‍ക്കൊപ്പം വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണം. മുന്‍പ് അപേക്ഷ നല്‍കിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Norka Roots for expatriates Santhwana Adalat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.