സിദ്ദീഖും റമീസ യും വീടിനു മുന്നിൽ
മയ്യനാട്: കടത്തിൽ മുങ്ങി, അസുഖബാധിതനായി ജീവിതം തള്ളിനീക്കാൻ പെടാപ്പാട് പെടുകയാണൊരു കുടുംബം. ഉമയനല്ലൂർ ഏലായ്ക്ക് സമീപം പുല്ലിച്ചിറ അമ്പാലിൽതൊടി റമീസ മൻസിലിൽ സിദ്ദീഖും ഭിന്നശേഷിക്കാരിയായ ഭാര്യ റമീസയുമാണ് അസുഖവും ജപ്തി ഭീഷണിയും മൂലം പ്രയാസപ്പെടുന്നത്. വൃക്ക സംബന്ധമായ ഗുരതര അസുഖം ബാധിച്ച് കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ ചികിത്സയിലാണ് സിദ്ദീഖ്. ഇനിയും പൂർത്തിയാകാത്ത ചോർന്നൊലിക്കുന്ന വീട്ടിലാണ് ഭാര്യയുമായി താമസം.
അടിയന്തിരമായി സിദ്ദീഖിന് ഒരു ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. തന്‍റെ സാമ്പത്തിക ബാധ്യതകൾ മനസിലാക്കി ഡോക്ടർമാർ വില കൂടിയ മരുന്നുകൾ നൽകി താൽകാലികമായി രോഗശമനം നടത്തിവരികയാണ്. ഡ്രൈവർ ജോലി ചെയ്ത് ഉപജീവനം നടത്തിവരികയായിരുന്നു സിദ്ദീഖ്. എന്നാൽ അസുഖം കലശലായതോടെ കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യാനോ ദീർഘദൂരം യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്.
മരുന്നിനും ആശുപത്രി ചെലവുകൾക്കുമായി ഇപ്പോൾ തന്നെ വലിയൊരു തുക ബാധ്യതയായിട്ടുണ്ട്. അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുകയാണ്. സ്വന്തമായുണ്ടായിരുന്ന അഞ്ച് സെൻറ് സ്ഥലം സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിനായി സഹകരണ ബാങ്കിൽ പണയം വെച്ചിരുന്നു. ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. പഞ്ചായത്തിൽ നിന്നും ലഭിച്ചതുക കൊണ്ട് ഒരു ചെറിയ വീട് നിർമിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മഴക്കാലത്ത് വീടിന് ചുറ്റും വെള്ളം കയറി വീട് മുങ്ങുന്ന സ്ഥിതിയാണ്.
ഫെഡറൽ ബാങ്ക് കൊല്ലം മയ്യനാട് ശാഖയിൽ റമീസയുടെയും പഞ്ചായത്തംഗം വിപിൻ വിക്രത്തിന്‍റെയും പേരിൽ ജോയിൻറ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20340100086582. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0002034. ഫോൺ: 8606015390.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.