കൊട്ടാരക്കര: കനത്ത മഴയിൽ ഓരത്തെ മണ്ണ് വൻതോതിൽ ഒഴുകി പുതിയ റോഡുകൾ തകരുന്നു. പുത്തൂർ- പൂവറ്റൂർ റോഡ്, പൂവറ്റൂർ -പുത്തൂർമുക്ക് റോഡ്, മാവടി- താഴത്തുകുളക്കട- ഏറത്ത് കുളക്കട റോഡ്, പൂവറ്റൂർ -തുരുത്തീലമ്പലം റോഡ്, പെരുങ്കുളം റോഡ്, വിവിധ ഉപറോഡുകൾ എന്നിവയെല്ലാം മണ്ണൊലിപ്പുമൂലം അപകടാവസ്ഥയിലായി. റോഡ് മുഴുവൻ കുഴികൾ രൂപപ്പെട്ടു. ചിലയിടങ്ങളിൽ മൂന്നിടയോളം വരെ താഴ്ന്നിട്ടുണ്ട്. ഉന്നതനിലവാരത്തിൽ വീതി കൂട്ടി ടാറിങ് നടത്തി അധിക കാലമാകാത്ത റോഡുകളാണിതെല്ലാം. കുടിവെള്ള വിതരണക്കുഴൽ സ്ഥാപിക്കാനായി കുഴിയെടുത്തതാണ് മണ്ണൊലിപ്പിന്‍റെ പ്രധാന കാരണം. കുളക്കട ഗ്രാമപഞ്ചായത്തിൽ മിക്ക റോഡുകളുടെ ഓരത്തും ഇത്തരം കുഴികളെടുത്തിട്ടുണ്ട്. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളും റോഡിലെ സുരക്ഷാ സൂചനാ വരകൾവരെയുള്ള ഭാഗങ്ങളും വെട്ടിക്കുഴിച്ചായിരുന്നു കുഴിയിടൽ. എന്നാൽ, ഇതിനുശേഷം മണ്ണ് കുഴികൾക്കു മുകളിലേക്ക് നീക്കിയിടുക മാത്രമാണ് ചെയ്തത്. ഇത്തരം ഭാഗങ്ങളിൽ നിന്നാണ് ഓരോ മഴയിലും വൻതോതിൽ മണ്ണ് ഒഴുകിപ്പോകുന്നത്. ഇത് വലിയ അപകടസാധ്യത ഉയർത്തുന്നു. ആളുകൾക്ക് റോഡരികിലൂടെ നടന്നുപോകാൻ കഴിയില്ല. വീടുകളിലേക്കുപോലും കടക്കാനാകാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം മാവടി വില്ലേജ് ഓഫിസിന് സമീപം ലോറി റോഡരികിലെ കുഴിയിൽ വീണ് മറിഞ്ഞിരുന്നു. ഇരുചക്ര വാഹന യാത്രക്കാർക്കാണ് ഏറ്റവും വലിയ ഭീഷണി. ഒഴുകിപ്പോകുന്ന മണ്ണും കല്ലും റോഡിലേക്ക് വന്നടിയുന്നത് ദുരിതത്തിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ ദിവസം പുത്തൂർ- പൂവറ്റൂർ റോഡിൽ ചില ഭാഗങ്ങളിൽ അപകടാവസ്ഥയൊഴിവാക്കാൻ കുഴികളിലേക്ക് വീണ്ടും മണ്ണിട്ട് നികത്തിയിരുന്നു. എന്നാൽ, ഇത് ഗുണത്തിനേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഏരിയ സമ്മേളനം കൊട്ടാരക്കര: സി.എം.പി കൊട്ടാരക്കര ഏരിയ സമ്മേളനം ജില്ല സെക്രട്ടറി സി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആനക്കോട്ടൂർ സതീഷ് അധ്യക്ഷതവഹിച്ചു. കൊച്ചുകൃഷ്ണപിള്ള, അഡ്വ. പനമ്പിൽ ജയകുമാർ, ശൂരനാട് രാജു, പത്തനാപുരം രഘു, മോഹൻകുമാർ, മുരളീധരൻപിള്ള, സന്തോഷ് രാജേന്ദ്രൻ, അഡ്വ. ഉണ്ണികൃഷ്ണൻ, ശശികല, സിന്ധു, മൈലം പ്രിൻസ്, ജെയ്സൺ എന്നിവർ പ്രസംഗിച്ചു. ആനക്കോട്ടൂർ സതീഷിനെ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.