ഇരുട്ടടിയായി ടോൾ നിരക്ക്​ വർധന

കൊല്ലം: യാത്രക്കാര്‍ക്ക് ഇരുട്ടടിയായി കൊല്ലം ബൈപാസിലെ ടോള്‍ നിരക്ക് വർധിപ്പിച്ചു. നിലവിലുണ്ടാായിരുന്നതി​െനക്കാള്‍ പത്ത് ശതമാനം വർധനയാണ് ദേശീയപാത അതോറിറ്റി വരുത്തിയത്. പുതുക്കിയ നിരക്കുകള്‍ കഴിഞ്ഞദിവസം മുതല്‍ നിലവില്‍ വന്നു. കാറുകള്‍ക്ക് ഒരുവശത്തേക്ക് 25രൂപ എന്ന പഴയനിരക്ക്​ തുടരും. മിനി ബസ് ഉള്‍പ്പെടെ എല്‍.എസ്.വി വാഹനങ്ങളുടെ നിരക്ക് അഞ്ച് രൂപ വർധിപ്പിച്ച് 45 രൂപയാക്കിയിട്ടുണ്ട്. ബസ്, ട്രക്ക്, രണ്ട് ആക്‌സില്‍ വാഹനങ്ങള്‍ക്ക് പത്ത് രൂപ വർധിപ്പിച്ച് 90 രൂപയാക്കി. മൂന്ന് ആക്‌സില്‍ ഉള്ള വ്യാവസായിക വാഹനങ്ങള്‍ക്ക് 15രൂപ വർധിപ്പിച്ച് 100 രൂപയാക്കുകയും ചെയ്തു. കുരീപ്പുഴ ടോള്‍പ്ലാസയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരപരിധിയില്‍ താമസിക്കുന്നവരുടെ സ്വകാര്യവാഹനങ്ങള്‍ക്ക് പ്രതിമാസം നല്‍കേണ്ട തുക 285ല്‍ നിന്ന് 315 രൂപയായി ഉയര്‍ത്തി. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കുള്ള സൗജന്യയാത്ര തുടര്‍ന്നും അനുവദിക്കുമെന്നും ഫാസ് ടാഗ് ഇല്ലാത്തവരില്‍ നിന്നും ഇരട്ടിത്തുക ഈടാക്കുമെന്നും ടോള്‍പ്ലാസ അധികൃതര്‍ പറഞ്ഞു. ടോള്‍നിരക്ക് കൂട്ടിയതോടെ തിരക്കേറി ഇടറോഡുകള്‍ അഞ്ചാലുംമൂട്: ബൈപാസിലെ ടോള്‍ നിരക്ക് വർധിപ്പിച്ചതോടെ ടോള്‍ബൂത്തിന് പിന്നിലെത്തുന്ന വഴിയായ ഇടറോഡില്‍ വാഹനങ്ങളുടെ തിരക്കേറി. ബൈപാസിലെ ടോള്‍ബൂത്തിന് 200 മീറ്റര്‍ അകലെ ഇരുവശങ്ങളുമായുള്ള പോക്കറ്റ് റോഡിലാണ് ടോൾ നല്‍കാതെ പോകാനുള്ള വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചത്. കാറുകള്‍ക്ക് പുറമേ ടിപ്പറുകളും പാർസല്‍ ലോറികളുമാണ് ഇത്തരത്തില്‍ ടോള്‍ വെട്ടിച്ച് കടന്നുപോകുന്നത്. എല്‍.പി-യു.പി ഉള്‍പ്പെടെ രണ്ട് സ്‌കൂളുകള്‍ ഉള്ള ഈ ഇടറോഡില്‍ അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാണെന്ന് പ്രദേശവാസികൾ പറയുന്നു. അമിതവേഗത്തിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.