എ.ഐ.ടി.യു.സി നഗരസഭ മാർച്ചിൽ സംഘർഷം; പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്തു

കൊട്ടാരക്കര: നഗരസഭയിൽ കച്ചവടസമിതി തെരഞ്ഞെടുപ്പ് സി.പി.എം വിഭാഗക്കാരെ മാത്രം ഉൾപ്പെടുത്തി രഹസ്യമായി നടത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക്​ നടത്തിയ മാർച്ചിൽ എ.ഐ.ടി.യു.സി പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും സംഘർഷവും. പൊലീസിന്‍റെ ബലപ്രയോഗത്തിൽ സി.പി.ഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറിയായ എ.എസ്. ഷാജിക്ക് ബോധക്ഷയം ഉണ്ടായി. ഇദ്ദേഹത്തെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10.50ന് കൊട്ടാരക്കര ചന്തമുക്കിൽനിന്നാണ്​ നഗരസഭയിലേക്ക്​ മാർച്ച്​ നടത്തിയത്​. പ്രതിഷേധക്കാർ കവാടത്തിലെത്തിയതിന്​ പിന്നാലെ ഇവരുടെ മുന്നിലൂടെ ​പൊലീസിന്‍റെ സഹായത്തിൽ നഗരസഭ ചെയർമാൻ ഷാജു ഓഫിസിനുള്ളിൽ കടന്നു. ഇത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. ചെയർമാനെ നഗരസഭക്കുള്ളിൽനിന്ന് വിളിച്ചിറക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പൊലീസും സമരക്കാരും തമ്മിലുണ്ടായ കൈയാങ്കളിയിൽ പ്രവർത്തകർ പലരും നിലത്ത് വീണു. പ്രതിഷേധത്തെതുടർന്ന്​ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പ്രവർത്തകരെ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ നീക്കി. മാർച്ച് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര മണ്ഡലം പ്രസിഡന്‍റ്​ എ.ആർ. സുരേഷ് അധ്യക്ഷതവഹിച്ചു. ദിലീപ്, ജോബിൻ, ഡി. രാമകൃഷ്ണൻ പിള്ള എന്നിവർ പങ്കെടുത്തു. കച്ചവടസമിതി തെരഞ്ഞെടുപ്പ് വിഷയത്തിൽ ഐ.എൻ.ടി.യു.സി പ്രവർത്തകരും നഗരസഭക്ക് മുന്നിൽ പ്രതിഷേധിച്ചു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ചാലുക്കാക്കോണം അനിൽകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. കലയപുരം ശിവൻപിള്ള, ബേബി പടിഞ്ഞാറ്റിൻകര, കണ്ണാട്ട് രവി, ജോൺ കെ.ജോൺ എന്നിവർ പങ്കെടുത്തു. നഗരസഭക്ക് മുന്നിൽവെച്ച് ഐ.എൻ.ടി.യു.സി പ്രവർത്തകരും പൊലീസും തമ്മിലും വാക്കേറ്റമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.