കൊല്ലം: ശുചിത്വ, ഭവന പദ്ധതികൾക്ക് പ്രധാന്യം നൽകി കോർപറേഷൻ ബജറ്റ്. നഗരത്തെ ലോകോത്തര നിലവാരത്തിലേക്കുയർത്താനുള്ള ലക്ഷ്യത്തിൻെറ ചുവടുപിടിച്ചുള്ള ബജറ്റ്, എല്ലാ ഡിവിഷനുകളിലെയും സ്വപ്നപദ്ധതികൾ യാഥാർഥ്യമാക്കുമെന്ന പ്രഖ്യാപനവുമായാണ് ഡെപ്യൂട്ടി മേയർ കൊല്ലം മധു അവതരിപ്പിച്ചത്. ഭരണസമിതിയുടെ രണ്ടാം ബജറ്റ് അവതരണ കൗൺസിലിൽ മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. 146.76 കോടി രൂപ മുൻ ബാക്കിയിരിപ്പുള്ള ബജറ്റിൽ 1292.81 കോടി രൂപ വരവും 1193.41 കോടി രൂപ ചെലവും 99.40 കോടി രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. ശുചിത്വം, ഭവനം, തൊഴിലുറപ്പ്, ടൂറിസം, കുളിവെള്ളം, തെരുവുവിളക്ക് എന്നീ മേഖലകൾ പദ്ധതി വിഹിതത്തിൻെറ വലിയൊരു പങ്കും വീതിച്ചെടുത്തപ്പോൾ നഗരവാസികളുടെ ഏറെനാളത്തെ സ്വപ്നമായ മൊബിലിറ്റി ഹബ്ബ് യാഥാർഥ്യമാക്കാനുള്ള ചെറുതല്ലാത്ത നീക്കിയിരിപ്പും ബജറ്റിലുണ്ട്. നഗരത്തെ ആരോഗ്യ സമ്പൂർണ ശുചിത്വ നഗരമാക്കുക എന്ന ഇടതുഭരണ സമിതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തുന്നതിന് വിവിധ പദ്ധതികളിലായി 55 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത് ഭവന നിർമാണത്തിനാണ്. 50.40 കോടിയുടെ ഭവന നിർമാണമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞതവണ പ്രവൃത്തി പൂർത്തീകരണ മികവിന് കോർപറേഷന് പുരസ്കാരം നേടിക്കൊടുത്ത അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് ഇത്തവണയും 40.01 കോടിയാണ് അനുവദിച്ചത്. നിലവിൽ ലോറി സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്ത് നിർമിക്കാനുദ്ദേശിക്കുന്ന മൊബിലിറ്റി ഹബ്ബിന് 30 കോടിയാണ് വിഹിതം. ടൂറിസം മേഖലക്ക് 23.38 കോടിയും ജനറൽ വിഭാഗത്തിന് കുളിവെള്ള കണക്ഷൻ നൽകുന്നതിന് 12.40 കോടിയും നൽകുമ്പോൾ, സ്ഥിരം തലവേദനയായ തെരുവുവിളക്ക് പ്രശ്നപരിഹാരത്തിന് 25 കോടിയും വകയിരുത്തിയിട്ടുണ്ട്. അഷ്ടമുടിക്കായൽ ഉൾപ്പെടെ ജലാശയങ്ങളുടെ സംരക്ഷണത്തിനും പ്രധാന്യം നൽകുന്നതാണ് ബജറ്റ്. ........................................... ശുചിത്വമാണ് ലക്ഷ്യം കോർപറേഷൻ ബജറ്റിൽ നഗരത്തിൻെറ ശുചിത്വപാലനത്തിനായി മുന്തിയ പരിഗണന നൽകിയപ്പോൾ അഭിമാന പദ്ധതിയായ കുരീപ്പുഴ എസ്.ടി.പി സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന് നൽകിയത് 31.92 കോടി. ഇതുകൂടാതെ, ഹരിത കർമ സേനയുടെ പ്രവർത്തനത്തിന് ഗതിവേഗം നൽകി നഗര ശുചിത്വം മികവുറ്റതാക്കാൻ 13.72 കോടിയും മാറ്റിവെച്ചു. കൂടാതെ സെപ്റ്റേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് 8.44 കോടിയും നൽകും. നഗര ശുചീകരണത്തിന് ആധുനിക സ്വീപ്പിങ് മെഷീൻ വാങ്ങാൻ 70 ലക്ഷവും മാറ്റിവെച്ചു. വീടുകളിൽ ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ച് ഉറവിടമാലിന്യ നിർമാർജനവും ഇന്ധനലഭ്യതയും ഉറപ്പുവരുത്തുന്നതിന് 1.02 കോടി രൂപ നൽകും. ............................. വീടെന്ന സ്വപ്നം ലൈഫ് പദ്ധതിയിൽ അർഹരായ നഗരവാസികൾക്ക് വീടൊരുക്കാൻ 50,40,00,000 രൂപയാണ് വകയിരുത്തിയത്. ഈ വർഷം പുതിയതായി 1001 വീടുകൾക്ക് അംഗീകാരം ലഭിച്ചതിൽ 126 എണ്ണത്തിൽ കരാറായതായി ബജറ്റ് വ്യക്തമാക്കുന്നു. ലൈഫിൽ ഉൾപ്പെടുത്തി 192 പേർക്ക് അംഗീകാരത്തിനായി സർക്കാർ പരിഗണനക്ക് വിട്ടിട്ടുണ്ട്. ................... ഈ മനോഹര തീരം കൊല്ലം കാണാനെത്തുന്നവരെ പഴഞ്ചൊല്ല് അന്വർഥമാക്കി ഈ നാടിനോട് കൂടുതൽ അടുപ്പിക്കാനുള്ള വിവിധ പദ്ധതികളും ബജറ്റിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. കോർപറേഷൻ മേഖലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളേയും സ്ഥാപനങ്ങളേയും പ്രകൃതിരമണീയമായ ഇടങ്ങളെയും സാംസ്കാരിക പൈതൃകം നഷ്ടമാകാത്ത രീതിയിൽ സംരക്ഷിച്ച് ടൂറിസം കേന്ദ്രങ്ങൾ ഒരുക്കും. ചിന്നക്കട ക്ലോക്ക്ടവർ കേന്ദ്രത്തിൽ നിന്നും 'ടൂർ പ്രോഗ്രാം' തയാറാക്കി 55 ഡിവിഷനുകളേയും ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതിക്ക് 23.38 കോടിയാണ് വകയിരുത്തിയത്. ഹൈദരാബാദ് ടാങ്ക് റോഡ് മാതൃകയിൽ സ്റ്റാച്യു പാർക്കിന് രണ്ട് കോടിയുമുണ്ട്. കൂടാതെ 'തീരം മനോഹരം' പദ്ധതിയിൽ കൊല്ലം ബീച്ച് മുതൽ തങ്കശ്ശേരി വരെ നടപ്പാത, നടപ്പാത, ലാൻഡ് സ്കേപ്പിങ് എന്നിവ ഒരുക്കാൻ രണ്ട് കോടിയും വിനിയോഗിക്കും. ........................... ജീവനാണ് അഷ്ടമുടി ഈ ഭരണസമിതി മാസങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച അഷ്ടമുടിക്കായൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും മേഖലയിലെ മറ്റ് ജലാശയങ്ങളുടെ സംരക്ഷണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. അഷ്ടമുടിക്കായലിനായി 5.45 കോടി വകയിരുത്തി. ഒപ്പം 55 ഡിവിഷനുകളിലേയും വിവിധ കുളങ്ങളുടെ നവീകരണത്തിന് 3.69 കോടിയും കൊല്ലം തോട് മുതൽ അഷ്ടമുടിക്കായലിൻെറ മൗത്ത് വരെ ഇരുവശങ്ങളിലും പാർശ്വഭിത്തി നിർമാണവും സൗന്ദര്യവത്കരണത്തിനുമായി 1.50 കോടിയുമുണ്ട്. *അഷ്ടമുടി തീരത്തെ കടവുകൾ സംരക്ഷിച്ച് സൗന്ദര്യവത്കരണത്തിന് ഒരു കോടി * വട്ടക്കായൽ, കട്ടക്കായൽ പാർശ്വഭിത്തി നിർമാണം ഒരുകോടി * ആശ്രാമം അഷ്ടമുടി തീരത്ത് സൈഡ് വാൾ കെട്ടി സൗന്ദര്യവത്കരണത്തിന് 75 ലക്ഷം *കുരീപ്പുഴ-വടക്കേച്ചിറ-തെക്കേച്ചിറ ജലാശയങ്ങൾ സംരക്ഷിക്കാൻ 25 ലക്ഷം * തണ്ണീർത്തടങ്ങളുടെ സംരക്ഷണവും വികസനവും -'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിക്ക് 25 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.