ദേവിക്ക്​ മുന്നിൽ വിളക്കെടുത്ത്​ പുരുഷാംഗനമാർ

കൊല്ലം: ചമയവിളക്കിന്‍റെ താലപ്പൊലിമയിൽ പെണ്മയിലേക്ക്​ അണിഞ്ഞൊരുങ്ങിയ പുരുഷാരം രണ്ടാം ദിനവും ദേവിയെ കണ്ട് വണങ്ങിയതോടെ ചവറ കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന്​ സമാപനം. ചവറ, പുതുക്കാട് കരക്കാർ ആദ്യദിനത്തിലും കുളങ്ങരഭാഗം, കോട്ടയ്ക്കകം കരക്കാർ രണ്ടാം ദിനവും ഉത്സവത്തിന്​ നേതൃത്വം വഹിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് കലശപൂജകളോടെ രണ്ടാം ദിന ഉത്സവത്തിന്​ തുടക്കമായി. വൈകീട്ട് മൂന്നിന് കെട്ടുകാഴ്ചയും നടന്നു. ദേവിയുടെ അനുഗ്രഹം തേടി വ്രതം നോറ്റ പുരുഷാംഗനമാർ വെള്ളിയാഴ്ചയും അഞ്ച്​ തിരിയിട്ട വിളക്കുമായി ഒഴുകിയെത്തി. കുഞ്ഞാലുംമൂട്​ മുതൽ ആറാട്ടുകുളംവരെ വിളക്കേന്തി കാത്തുനിന്ന പുരുഷാംഗനമാരെ കാണാൻ പുലർച്ച മൂന്നിന്​ ദേവി എഴുന്നള്ളിയെത്തി. തുടർന്ന്​ ആറാട്ട് നടത്തി കുരുത്തോലപ്പന്തലില്‍ ദേവി വിശ്രമിച്ചതോടെയാണ്​ ഉത്സവം സമാപനമായത്​. ​രണ്ടാംദിന ഉത്സവത്തോടനുബന്ധിച്ച്​ ചലച്ചിത്ര പിന്നണി ഗായകന്‍ കെ.എസ്. വിഷ്ണുനാഥിന്‍റെ സംഗീതക്കച്ചേരിയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.