തട്ടിപ്പ്​ പദ്ധതിയുമായി വന്നാൽ കെ-റെയിലിന്​ അനുമതി കിട്ടില്ല -കെ. സുരേന്ദ്രൻ

കൊല്ലം: പരിസ്ഥിതി തകർക്കാത്ത മതിലുകെട്ടാത്ത കേരളത്തെ രണ്ടാക്കാത്ത പദ്ധതിക്കല്ലാതെ, തട്ടിപ്പുമായി വന്നാൽ കെ-റെയിലിന്​ അനുമതി ലഭിക്കില്ലെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ-റെയിൽ വിരുദ്ധ സെമിനാർ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിനോ ഭൂമി ഏറ്റെടുക്കലിനോ ബി.ജെ.പി എതിരല്ല. വികസനം തടസ്സപ്പെടുത്തുക എന്ന നയവുമില്ല. നരേന്ദ്ര മോദി സർക്കാർ വന്നശേഷമാണ്​ രാജ്യത്താകെ വൻതോതിലുള്ള വികസനം സാധ്യമായത്​. അതിനായി വൻതോതിൽ ഭൂമി ഏറ്റെടുക്കലും ഉണ്ടായിട്ടുണ്ട്​. കെ-റെയിലിനെ എതിർക്കുന്നത്​ അത്​ കേരളത്തൈ തകർക്കുമെന്നതിനാലാണ്​. പദ്ധതി യാഥാർഥ്യമായാൽ ജനങ്ങളുണ്ടാവില്ല. വൻകടബാധ്യത സംസ്ഥാനത്തെ ​ശ്രീലങ്കയുടെ അവസ്ഥയിലാവും എത്തിക്കുക. ജനതാൽപര്യമോ വികസന താൽപര്യമോ അല്ല സാമ്പത്തിക താൽപര്യങ്ങൾ മാത്രമാണ്​ പദ്ധതിക്ക്​ പിന്നിലെ ആവേശത്തിന്​ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ ബി.ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കെ-റെയിൽ വിരുദ്ധ ജനകീയ ഐക്യദാർഢ്യ സമിതി ജില്ല അധ്യക്ഷൻ രാമാനുജൻ തമ്പി, കെ.പി.സി.സി മുൻ സെക്രട്ടറി സൈമൺ അലക്സ്​, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിമാരായ വയയ്ക്കൽ സോമൻ, വി. വിനോദ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.