ജില്ലയിൽ വ്യാപക ലഹരി വേട്ട; എം.ഡി.എം.എയും കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ

ചിത്രം- കൊല്ലം: സ്​കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വ്യാപക പരിശോധനകളിൽ ലഹരി ഉൽപന്നങ്ങളുമായി യുവാക്കൾ പിടിയിലായി. കൊല്ലം സിറ്റി പരിധിയിൽ നാലിടങ്ങളിൽനിന്ന്​ നാലുപേർ കഞ്ചാവും എം.ഡി.എം.എയുമായാണ്​ പിടിയിലായത്. യുവാക്കൾക്കും വിദ്യാർഥികൾക്കും കഞ്ചാവും ന്യൂജെൻ മയക്കുമരുന്നുകളും വിൽക്കുന്ന സാമൂഹികവിരുദ്ധരെ പിടികൂടുന്നതിന്​ സിറ്റി പൊലീസ്​ മേധാവി ടി. നാരായണന്‍റെ നേതൃത്വത്തിൽ നടക്കുന്ന സ്​പെഷൽ ഡ്രൈവിന്‍റെ ഭാഗമായാണ് അറസ്റ്റ്​. പരവൂർ, അഞ്ചാലുംമൂട്, ശക്​തികുളങ്ങര, കൊല്ലം ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് യുവാക്കൾ നിരോധിത ഉൽപന്നങ്ങളുമായി പിടിയിലായത്. പരവൂർ നെടുങ്ങോലം സ്കൂളിന് സമീപം സ്കൂൾ വിദ്യാർഥികൾക്കും മറ്റും കഞ്ചാവ് വിൽപന നടത്തിയ നെടുങ്ങോലം തൊടിയിൽ വീട്ടിൽ കിരൺ (കണ്ണൻ -23), ശക്തികുളങ്ങര കന്നിമേൽ പാവൂർ തെക്കതിൽ വീട്ടിൽ സൂരജ് (20), വടക്കേവിള പള്ളിമുക്ക് തേജസ്​ നഗർ 105ൽ ഹബീബ് (ടോണി, 62) എന്നിവരെ കഞ്ചാവുമായും ശക്​തികുളങ്ങര കണിയാൻകട മീനത്ത് ചേരിയിൽ തലക്കോട്ട് തെക്കതിൽ ജോർജ് (മനു, 31) എന്നയാളെ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായാണ്​ പിടികൂടിയത്​. അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിന്നുമാണ് ജോർജിനെ 400 മില്ലിഗ്രാം എം.ഡി.എം.എയും കഞ്ചാവുമായി പിടികൂടിയത്. മുഴുവൻ സ്റ്റേഷൻ ഹൗസ്​ ഓഫിസർമാരുടെയും നേതൃത്വത്തിൽ അതാതിടങ്ങളിൽ ശക്​തമായ പരിശോധനകളാണ്​ ആരംഭിച്ചത്. നിരന്തരം ലഹരി വ്യാപാരവുമായി ബന്ധപ്പെട്ടിരുന്നവരാണ് പിടിയിലായവർ. അഞ്ചാലുംമൂട് ഇൻസ്​പെക്ടർ സി. ദേവരാജൻ, പരവൂർ ഇൻസ്​പെക്ടർ എ. നിസാർ, കൊല്ലം ഈസ്റ്റ് ഇൻസ്​പെക്ടർ രതീഷ് ആർ, ശക്​തികുളങ്ങര ഇൻസ്​പെക്ടർ യു. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.