കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റോർവഴി യൂനിഫോം വിതരണം നിർത്തി

പരാതിക്ക് 4 വർഷമായപ്പോൾ സർക്കാർ മറുപടി കരുനാഗപ്പള്ളി: സർക്കാർ മോഡൽ സ്കൂളിലെ സ്റ്റോർ വഴി യൂനിഫോം വിതരണം നിർത്തി. കുട്ടികളെ നിർബന്ധിച്ച്​ സ്കൂൾ സ്റ്റോറിൽനിന്ന് യൂനി​ഫോം വാങ്ങിപ്പിക്കുന്നതിൽ ക്രമക്കേടാരോപിച്ച്​ കെ.എസ്.യു നേതാവ് അജ്മൽ കരുനാഗപ്പള്ളി വിജിലൻസിന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ്​ നടപടി. യൂനിഫോം വിൽപനയിൽ ക്രമക്കേടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയതായാണ്​ കഴിഞ്ഞദിവസം സ്കൂൾ അധികൃതർക്ക് രേഖാമൂലം അധികൃതർ അറിയിപ്പ് നൽകിയത്. കുട്ടികൾക്ക് ഇഷ്ടമുള്ള സ്ഥലത്തുനിന്ന് യൂനിഫോം വാങ്ങാനുള്ള അനുവാദം ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. യൂനിഫോം വിതരണത്തിൽ ക്രമക്കേടാരോപിച്ച് കെ.എസ്.യു നേതാവ് 2018 മേയ് 22ന് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിക്കാണ്​ കഴിഞ്ഞദിവസം മറുപടി ലഭിച്ചത്. പരാതി ജില്ല വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിച്ചിരുന്നതായും കൂടുതൽ യൂനിഫോം ആവശ്യമുള്ള കുട്ടികൾക്ക് സൊസൈറ്റിയിൽ 600, 700 രൂപ വില വാങ്ങി നൽകിയിട്ടുണ്ടെന്നും നിർബന്ധപൂർവം ആരിൽനിന്നും പണം വാങ്ങിയിട്ടില്ലെന്നും പ്രധാനാധ്യാപകൻ മൊഴി നൽകിയതായും ഗവ. പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ മറുപടിയിൽ പറയുന്നു. സൊസൈറ്റി വഴിയുള്ള യൂനിഫോം വിതരണം നിർത്തലാക്കാൻ ജില്ല വിദ്യാഭ്യാസ ഓഫിസർ നിർദേശം നൽകിയതായും അറിയിച്ചു. പരാതി നൽകി നാല്​ വർഷം തികയാൻ രണ്ട്​ മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് അടിയന്തര പ്രാധാന്യമുള്ള വിഷയത്തിന് മറുപടി ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.