റോഡുവക്കിലെ മാലിന്യനിക്ഷേപം ദുരിതം

ചിത്രം- കടയ്ക്കൽ: റോഡുവക്കിലെ മാലിന്യനിക്ഷേപം പരിസരവാസികൾക്ക് ഭീഷണിയാകുന്നു. കടയ്ക്കൽ-മടത്തറ റോഡുവക്കിൽ പ്ലാസ്റ്റിക് സംഭരണത്തിന് വേണ്ടി ചിതറ പഞ്ചായത്ത് സ്ഥാപിച്ച എം.സി.എഫുകൾക്ക് സമീപമാണ് മാലിന്യനിക്ഷേപം. ഹോട്ടൽ മാലിന്യം, മാംസാവശിഷ്ടം, വീടുകളിൽ നിന്നുള്ള മാലിന്യം എന്നിവയുൾപ്പെടെ ദിവസവും വൻതോതിലുള്ള മാലിന്യമാണ് റോഡുവക്കിൽ തള്ളുന്നത്. മഴക്കാലമായതോടെ ദുർഗന്ധം കൂടി. അതിനൊപ്പം മാലിന്യം ഭക്ഷിക്കാൻ തെരുവുനായ്​ക്കൾ കൂടി നിറഞ്ഞതോടെ പരിസരവാസികൾ ശരിക്കും ബുദ്ധിമുട്ടിലായിരിക്കുകയാണ്. നായ്​ക്കൾ വഴിയാത്രക്കാരെ ആക്രമിക്കുന്നതും റോഡിലേക്ക് വീഴുന്ന മാലിന്യത്തിൽ തെന്നി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും നിത്യസംഭവമായി. പരാതികൾ നൽകിയെങ്കിലും പഞ്ചായത്തധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മാലിന്യം കുന്നുകൂടുമ്പോൾ റോഡുവക്കിൽ തന്നെ എക്​സ്കവേറ്റർ ഉപയോഗിച്ച് മാലിന്യം കുഴിച്ചുമൂടുന്ന പഞ്ചായത്ത് അധികൃതരുടെ പതിവുരീതി നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. ചി​ത്രം- പരിശോധനകൾ വ്യാപകമായിരിക്കെ പുഴുവരിച്ച മത്സ്യം വിറ്റതായി പരാതി കടയ്ക്കൽ: പരിശോധനകൾ വ്യാപകമായിരിക്കെ പുഴുവരിച്ച മത്സ്യം വിറ്റതായി പരാതി. നിലമേൽ കണ്ണൻകോട് മാർക്കറ്റിൽനിന്ന്​ വാങ്ങിയ ചൂര മത്സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. പാചകം ചെയ്യാനായി മുറിച്ച് നോക്കുമ്പോൾ അകം നിറയെ പുഴുക്കൾ നിറഞ്ഞ നിലയിലായിരുന്നു. സമീപകാലത്തും ഇതേ ചന്തയിൽനിന്ന് വിൽപന നടത്തിയ മത്സ്യങ്ങളിൽ പുഴുക്കൾ കണ്ടതിനെ തുടർന്ന് മത്സ്യം വാങ്ങിയവർ ഭക്ഷ്യവകുപ്പിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വീണ്ടും പുഴുക്കൾ നിറഞ്ഞ മത്സ്യം വിറ്റത്. കർശന നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് നിലമേൽ സ്വദേശി യഹിയ പരാതി നൽകി. ട്രൈബൽ സ്കൂളിന്​ ലൈബ്രറി പുസ്തകങ്ങൾ കൈമാറി കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് വളന്‍റിയർമാർ ശേഖരിച്ച അഞ്ഞൂറ് പുസ്തകങ്ങൾ കുളത്തൂപ്പുഴ ഇടപണ ട്രൈബൽ എൽ.പി സ്കൂൾ ലൈബ്രറിക്ക്​ കൈമാറി. പ്രോഗ്രാം ഓഫിസർ നിഷ നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസും പി.ടി.എ പ്രസിഡന്‍റും ചേർന്ന്​ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഈ അധ്യയന വർഷത്തേക്കുള്ള പഠന സാമഗ്രികളും കുട്ടികൾക്ക്​ നൽകി. സ്റ്റാഫ് സെക്രട്ടറി ഡോക്ടർ ബി. നജീബ്, സക്കീർ ഹുസൈൻ, എൻ.എസ്.എസ് വോളന്‍റിയർമാർ, വിവിധ ഊരുകളിലെ പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.