മടിക്കൈ ടി.എസ്. തിരുമുമ്പ് സമുച്ചയം
മടിക്കൈ ടി.എസ്. തിരുമുമ്പ്; സാംസ്കാരിക സമുച്ചയം അടഞ്ഞുതന്നെ
നീലേശ്വരം: ജില്ലയുടെ കലാസാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കോടികൾ ചെലവഴിച്ച് നിർമിച്ച സാംസ്കാരിക നിലയം അടഞ്ഞുകിടക്കുന്നു. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തുകരയിൽ നിർമിച്ച ടി.എസ്. തിരുമുമ്പ് സാംസ്കാരിക സമുച്ചയമാണ് നാടിന് തുറന്നുകൊടുക്കാതെ അടഞ്ഞുകിടക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഉദ്ഘാടനം ചെയ്തശേഷം രണ്ടുവർഷം പിന്നിട്ടിട്ടും സാംസ്കാരിക സമുച്ചയം തുറന്ന് പ്രവർത്തനമാരംഭിച്ചില്ല.
സാംസ്കാരിക സമുച്ചയത്തിൽ വാഹന പാർക്കിങ് ഇല്ലാത്തതിനുപുറമെ നിർമാണ കമ്പനി ഇതുവരെ സാംസ്കാരികവകുപ്പിന് ഔദ്യോഗികമായി കൈമാറിയിട്ടില്ല എന്ന വാദവും നിലനിൽക്കുന്നുണ്ട്. നിരവധി തവണ സാംസ്കാരിക നിലയം തുറക്കാൻ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കുരുക്കിൽപെട്ട് നീളുകയായിരുന്നു. അതേസമയം, സാംസ്കാരികവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് ഈ അനാസ്ഥക്ക് കാരണമെന്ന് മടിക്കൈ പഞ്ചായത്ത് പ്രസിഡൻറ് വി. പ്രകാശൻ പറഞ്ഞു. 3.77 ഏക്കർ സ്ഥലത്ത് 52 കോടി രൂപ ചെലവഴിച്ചാണ് മടിക്കൈയിൽ ടി.എസ്. തിരുമുമ്പ് സാംസ്കാരികനിലയം സ്ഥാപിച്ചത്. 69,250 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടമാണ് നിർമാണം പൂർത്തിയാക്കിയത്.
കെട്ടിടത്തിന്റെ പ്രവേശന ബ്ലോക്കിൽ 14,750 ചതുരശ്ര അടി വിസ്തീർണമുള്ള വിവരവിതരണകേന്ദ്രം, സ്മാരക ഹാൾ, സുവനീർ വിൽപനശാലകൾ, ഗ്രന്ഥശാല, ഭരണ നിർവഹണ കേന്ദ്രം എന്നിവ ഉൾപ്പെടുന്നു. 25,750 ചതുരശ്ര അടി വിസ്തീർണമുള്ള പ്രദർശനശാല, ബ്ലാക്ക് ബുക്ക് തിയറ്റർ, സെമിനാർ ഹാൾ, പഠന മുറികൾ എന്നിവ കൂടാതെ കലാകാരന്മാർക്കുള്ള പണിശാലകളും പ്രദർശന ബ്ലോക്കിന്റെ ഭാഗമായുണ്ട്.
10,750 ചതുരശ്ര അടി വിസ്തീർണമുള്ള ഓഡിറ്റോറിയം, പതിനാലായിരം ചതുരശ്ര അടി വിസ്തീർണമുള്ള ഗോത്രകലാ മ്യൂസിയം, ഫോക്ലോർ കേന്ദ്രം, കഫറ്റേരിയ എന്നിവ അടങ്ങിയ ബ്ലോക്കും സമുച്ചയത്തിലുണ്ട്.
ഓപൺ എയർ തിയറ്ററിൽ 650 പേർക്ക് പരിപാടി വീക്ഷിക്കാൻ സാധിക്കും. ജില്ലയുടെ സാംസ്കാരിക രംഗത്ത് അഭിമാനമായി ഉയർന്ന് നിൽക്കേണ്ട മടിക്കൈയിലെ ടി.എസ്. തിരുമുമ്പ് സമുച്ചയം ഉടൻ തുറന്ന് കൊടുക്കാനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ജില്ലയിലെ സാംസ്കാരിക പ്രവർത്തകരുടെ ആവശ്യം. മടിക്കൈയിലെ സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും ഏറെ പ്രതീക്ഷയോടെയാണ് ഇതിനായി കാത്തിരിക്കുന്നത്.
പാർക്കിങ് സൗകര്യമില്ലാത്തത് തടസ്സം
സമുച്ചയത്തിൽ പാർക്കിങ് സൗകര്യം ഒരുക്കാത്തതിനാൽ പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല. എസ്റ്റിമേറ്റിൽ പാർക്കിങ് ഏരിയ ഉൾപ്പെടുത്തിയിരുന്നെങ്കിലും നിർമാണഘട്ടത്തിൽ അത് ഒഴിവാക്കുകയായിരുന്നു. ഉദ്യോഗസ്ഥതലത്തിൽ നടന്ന അബദ്ധങ്ങൾ ഒരു വലിയ പദ്ധതിയെ വഴിയാധാരമാക്കിയെന്നാണ് ആക്ഷേപം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് തന്നെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും നിർമാണ കമ്പനി ഇതുവരെ സാംസ്കാരിക വകുപ്പിന് ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നാണറിയുന്നത്. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിരവധി തവണ ഇത് തുറക്കാൻ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കുരുക്കിൽപെട്ട് നീളുകയായിരുന്നു.
ആരാണ് ടി.എസ്. തിരുമുമ്പ് ?
1906 ജൂൺ 12ന് കാസർകോട് ചെറുവത്തൂർ താഴെക്കാട്ടു തിമിരി മനയിൽ ജനിച്ചു. സ്വാതന്ത്ര്യസമര സേനാനിയും പാടുന്ന പടവാൾ എന്ന പേരിൽ വിപ്ലവകവി കൂടിയാണ്. കോൺഗ്രസിലൂടെ രാഷ്ട്രീയപ്രവേശം നടത്തി. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂരെത്തിയ ജാഥക്കുവേണ്ടി പാട്ടെഴുതി. നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിലിലടക്കപ്പെട്ടു. ജയിലിൽ പോയതോടുകൂടി ബന്ധുക്കൾ അദ്ദേഹത്തെ സമുദായത്തിൽ നിന്ന് പുറത്താക്കി. ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തു. രണ്ടാം ലോകയുദ്ധത്തോടനുബന്ധിച്ച് പാർട്ടിക്ക് നിരോധനം വന്നപ്പോൾ തിരുമുമ്പ് അറസ്റ്റിലായി. 1948ലെ പാർട്ടിയുടെ രണ്ടാം കോൺഗ്രസോടുകൂടി തിരുമുമ്പ് പാർട്ടിയിൽനിന്ന് വിടപറഞ്ഞു. ഇ.എം.എസ് തിരുമുമ്പിനെ പാടുന്ന പടവാൾ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് ഭക്തിയിലേക്ക് തിരിച്ചുവന്ന തിരുമുമ്പ് 1984ൽ 78ാം വയസ്സിൽ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.