നീലേശ്വരം-എടത്തോട് റോഡ് നിർമാണം: ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും

കാസർകോട്​: നീലേശ്വരം–എടത്തോട് റോഡ് വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം പേരോല്‍ വില്ലേജിലെ 1.3 കിലോമീറ്ററിലെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിർമാണം ആരംഭിക്കാന്‍ തീരുമാനമായി.

കലക്ടറേറ്റില്‍ നീലേശ്വരം എടത്തോട് റോഡ് വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

റോഡ് വികസനത്തി‍െൻറ ഭാഗമായി നീലേശ്വരം നഗരസഭയിലെ പേരോല്‍ വില്ലേജിലെ റെയില്‍വേ മേല്‍പാലം കിഴക്ക് ഭാഗം മുതല്‍ താലൂക്കാശുപത്രി വരെ 1.3 കിലോമീറ്റര്‍ വീതികൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കുന്ന നടപടികളാണ് വേഗത്തിലാക്കുക. എടത്തോട് മുതല്‍ നീലേശ്വരം താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്തി‍െൻറ വീതികൂട്ടലും സംരക്ഷണ ഭിത്തി നിർമാണവും കലുങ്കുകളുടെ നിർമാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന 18 കിലോമീറ്റര്‍ റോഡില്‍ 12 കിലോമീറ്റര്‍ വികസനത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് 42 കോടി രൂപ അനുവദിച്ചത്. 18 കിലോമീറ്ററില്‍ ആറു കിലോമീറ്റര്‍ റോഡ് നേരത്തേ തന്നെ വികസിപ്പിച്ചിരുന്നു. പേരോല്‍ വില്ലേജിലെ ഭൂമി ഏറ്റെടുക്കലിന് മാത്രം പദ്ധതിയില്‍ 10.8 കോടി നീക്കിവെച്ചിട്ടുണ്ട്.

യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു, എം. രാജഗോപാലന്‍ എം.എല്‍.എ, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍, ഡെപ്യൂട്ടി കലക്ടര്‍ സജി എഫ്. മെന്‍ഡിസ്, തഹസില്‍ദാര്‍മാരായ പി. നരേഷ് കുമാര്‍, പി. കുഞ്ഞിക്കണ്ണന്‍, എന്‍. മണിരാജ്, പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.പി. വിനോദ് കുമാര്‍, സ്‌പെഷല്‍ തഹസില്‍ദാര്‍മാരായ ഹാഷിക്, പി.കെ. ചന്ദ്രാവതി, സർവേയര്‍ പി.പി. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. 

Tags:    
News Summary - Nileshwaram-Edathode Road Construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.