അഡ്വ.വി.എം. മുനീർ, ഷംസീദ ഫിറോസ്
കാസർകോട്: കാസർകോട് നഗരസഭ ചെയർമാനായി മുസ്ലിം ലീഗിലെ അഡ്വ.വി.എം. മുനീറിനെ തെരഞ്ഞെടുത്തു. രണ്ട് മുസ്ലിം ലീഗ് വിമതരും ഒരു സി.പി.എം അംഗവും ഉൾപ്പെടെ മൂന്നുപേർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. രാവിലെ 11ന് വരണാധികാരി കെ. സജിത്ത് കുമാറിെൻറ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്. ബി.ജെ.പി സ്ഥാനാർഥിയായി കെ. സവിതയെയും മുസ്ലിം ലീഗ് സ്ഥാനാർഥിയായി അഡ്വ.വി.എം. മുനീറിനെയും കൗൺസിലർമാർ നാമനിർദേശം ചെയ്തു. വി.എം. മുനീറിനെ അബ്ബാസ് ബീഗം നിർദേശിക്കുകയും മുഹമ്മദ് കുഞ്ഞി തായലങ്ങാടി പിന്താങ്ങുകയും ചെയ്തു. ബി.ജെ.പി സ്ഥാനാർഥി സവിതയെ പി. രമേശ് നിർദേശിക്കുകയും അശ്വിനി പിന്താങ്ങുകയും ചെയ്തു. 38 കൗൺസിലർമാരിൽ 35 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 11.45ഓടെ വോട്ടെടുപ്പ് പൂർത്തിയായി.
സ്ഥാനാർഥികളുടെ രണ്ടു പ്രതിനിധികൾ വീതം വോട്ടെണ്ണലിന് സാക്ഷികളായി. അഡ്വ. മുനീർ 21 വോട്ടും സവിത 14 വോട്ടും നേടി. ചെയർമാനായി വി.എം. മുനീർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. 17ാം വാർഡിലെ സി.പി.എം പ്രതിനിധി എം. ലളിത, മുസ്ലിം ലീഗ് വിമതരായി മത്സരിച്ചു ജയിച്ച 20ാം വാർഡിലെ ഹസീന നൗഷാദ്, 21ാം വാർഡിലെ ഷക്കീന മൊയ്തീൻ എന്നിവരാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്. ഉച്ചക്കുശേഷം വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി ഷംസീദ ഫിറോസും ബി.ജെ.പി സ്ഥാനാർഥിയായി ശ്രീലതയുമാണ് മത്സരിച്ചത്.
സംസീദയെ ഖാലിദ് പച്ചക്കാട് നിർദേശിച്ചു. മമ്മു ചാല പിന്താങ്ങി. ശ്രീലതയെ അജിത് കുമാർ നിർദേശിച്ചു. വീണാകുമാരി പിന്താങ്ങി. വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിലും മൂന്നുപേർ വിട്ടുനിന്നു. 14നെതിരെ 21 വോട്ടോടെ സംസീദയാണ് വിജയിച്ചത്. വൈസ് ചെയർപേഴ്സനായി ഷംസീദക്ക് ചെയർമാൻ അഡ്വ.വി.എം. മുനീർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുൻ മന്ത്രി സി.ടി. അഹമ്മദലി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറും നഗരസഭ മുൻ ചെയർമാനുമായ ടി.ഇ. അബ്ദുല്ല, ജില്ല സെക്രട്ടറി എ. അബ്ദുറഹ്മാൻ, നഗരസഭ മുൻ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം എന്നിവരുൾപ്പെടെ നേതാക്കൾ തെരഞ്ഞെടുപ്പിനെത്തിയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ രാഷ്ട്രീയ ഭേദമില്ലതെ കഴിവിെൻറ പരമാവധി നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.